
അധികാരവും പ്രത്യേകാവകാശങ്ങളും ദുരുപയോഗം ചെയ്‌തെന്ന ആരോപണങ്ങളിൽ മൗനം ഭേദിച്ച് മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ തെറ്റാണെന്നും ആരോപണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നല്‍കുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പറഞ്ഞു.
സര്‍വീസില്‍ പ്രവേശിക്കാനായി സമര്‍പ്പിച്ച ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേദ്കറിനെതിരായ ആരോപണം.
“ഒരാൾ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ നിരപരാധിയാണ് എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ഇന്ത്യൻ ഭരണഘടന പ്രവർത്തിക്കുന്നത്. അതിനാൽ, മാധ്യമ വിചാരണയിലൂടെ എന്നെ കുറ്റക്കാരിയാക്കുന്നത് തെറ്റാണ്. ഇത് എല്ലാവരുടെയും അടിസ്ഥാന അവകാശമാണ്. കുറ്റം ആരോപിക്കപ്പെടുന്നു എന്ന് നിങ്ങൾക്ക് പറയാം, പക്ഷെ ഞാൻ കുറ്റക്കാരിയാണെന്ന് തെളിയിക്കുന്നത് തെറ്റാണ്,” അവർ പറഞ്ഞു.
“ആരോപണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്രസമിതിക്ക് മുമ്പാകെ ഞാന്‍ മൊഴി നല്‍കും. ഞാനോ മാധ്യമങ്ങളോ ജനങ്ങളോ അല്ല, സമിതിയാണ് അന്തിമതീരുമാനമെടുക്കുക. സമിതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ട്രെയിനി എന്ന നിലയില്‍ ജോലി ചെയ്യുകയും പഠിക്കുകയുമാണ് ഞാനിവിടെ ചെയ്യുന്നത്. അക്കാര്യത്തില്‍ എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല. സമിതിയുടെ തീരുമാനം എപ്പോഴാണ് പുറത്തുവരുന്നത്, അത് പൊതുസമൂഹത്തിന് മുമ്പിലുണ്ടാകും. ആര്‍ക്കും അത് വിശദമായി പരിശോധിക്കാം. എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല,” പൂജ ഖേദ്കര്‍ പറഞ്ഞു.
പുണെ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ സ്വകാര്യ ഔഡി കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വെക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കളക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ ഇവരെ വാഷിം ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെ പൂജ ഖേദ്കറിനെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്നു.