പൂനെ: കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പൂനെ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷം. ജനജീവിതം സ്തംഭിച്ച അവസ്ഥയിലായി. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. പൂനെയിലെ പിംപ്രി-ചിഞ്ച്വാഡിലെ നിരവധി അപ്പാര്‍ട്ട്മെന്റുകളില്‍ വെള്ളം കയറി. വെള്ളക്കെട്ടില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും മൂന്ന് പേര്‍ക്ക് വൈദ്യുതാഘാതമേറ്റതായി വിവരമുണ്ട്.
ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂര്‍ അടച്ചിടാന്‍ പൂനെ കളക്ടര്‍ സുഹാസ് ദിവാസെ ഉത്തരവിട്ടു. മുങ്ങാന്‍ സാധ്യതയുള്ള പാലങ്ങളില്‍ ഗതാഗതം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ആവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ഏകതാ നഗറിലുള്‍പ്പെടെ റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അഗ്‌നിശമനസേന ബോട്ടുകള്‍ ഉപയോഗിച്ച് ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നുണ്ട്. ചിലയിടങ്ങളില്‍ അരക്കെട്ട് വരെ വെള്ളമുണ്ട്. മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുത നദിയിലെ ബാബ ഭിഡെ പാലം വെള്ളത്തിനടിയിലായി.