ദുരൂഹമായ ഒരു പ്രണയ കഥയിലെ നായികയാണ് അലീന കബേവ. ഈ കഥയിലെ നായകനോ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും. പഴക്കമുള്ളൊരു കഥയാണെങ്കിലും ഇനിയും ചുരുളഴിയാതെ കിടക്കുന്ന കഥയിലെ പുതിയൊരു അധ്യായം പോലെ, ഇപ്പോഴെത്തിയിരിക്കുന്നത് രണ്ട് കുട്ടികളാണ്. ഇതാണിപ്പോള്‍ ചര്‍ച്ചയും. പുടിനെയും രഹസ്യ ബന്ധത്തിലെ മക്കളെയും കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ പുറത്തെത്തുന്നത് കുട്ടികളുടെ പ്രായവും അവര്‍ എവിടെയാണ് എന്നതടക്കമുള്ള വിവരങ്ങളാണ്.
വ്ളാഡിമിര്‍ പുടിനും അദ്ദേഹത്തിന്റെ രഹസ്യ കാമുകിയായ മുന്‍ ഒളിമ്പിക് ജിംനാസ്റ്റ് അലീന കബേവയ്ക്കും അഞ്ചും ഒമ്പതും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ടെന്ന് ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട്. റഷ്യയുമായി ബന്ധപ്പെട്ട വിവിധ ആളുകളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്ന സൈറ്റായ ഡോസിയര്‍ സെന്ററാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് ഫോര്‍ബ്‌സ് ചൂണ്ടിക്കാട്ടുന്നു.
കുട്ടികളെ സ്ഥിരമായി കാണുന്നുവെന്ന് അവകാശപ്പെടുന്ന ചില ഉറവിടങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുപുറത്തുവിട്ടിരിക്കുന്നത്. തികച്ചും സ്വകാര്യതയില്‍ അതീവ സുരക്ഷയുള്ള ഒരു വസതിയിലാണ് ദമ്പതികളുടെ മക്കള്‍ വളരുന്നതെന്നും അവരുടെ മാതാപിതാക്കളെ വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1983 ല്‍ വിവാഹം കഴിച്ച പുടിന് മുന്‍ പങ്കാളി ല്യൂഡ്മില പുടിനില്‍, മരിയ (39), കാതറീന (38) എന്നീ രണ്ട് പെണ്‍മക്കളുണ്ട്.
41 വയസുണ്ട് ഇപ്പോള്‍ കബേവയ്ക്ക്. പുടിനാകട്ടെ 71 ഉം. 2008 ലാണ് കബേവയും പുടിനും ഡേറ്റിംഗ് ആരംഭിച്ചതെന്നാണ് വിവരം. മുന്‍ പങ്കാളി ല്യൂഡ്മിലയില്‍ നിന്ന് വിവാഹമോചനം ഔദ്യോഗികമായി നേടുന്നതിന് ആറ് വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും ബന്ധം തുടങ്ങിയത്. സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ് കബേവ ഇവാന് ജന്മം നല്‍കിയതെന്നും മോസ്‌കോയിലാണ് വ്ളാഡിമിര്‍ ജൂനിയറിന് ജന്മം നല്‍കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇവാനും വ്ളാഡിമിര്‍ ജൂനിയറും മോസ്‌കോയുടെ വടക്കുപടിഞ്ഞാറുള്ള പുടിന്റെ മാളികയിലാണ് താമസിക്കുന്നത്. അവര്‍ക്ക് അവരുടെ പ്രായത്തിലുള്ള കളിക്കൂട്ടുകാരില്ലെന്നും എന്നാല്‍, സംഗീത പാഠങ്ങളും നീന്തലിനും കലാപരമായ ജിംനാസ്റ്റിക്‌സിനും വ്യക്തിഗത പരിശീലകരുണ്ടെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. ഇവാന്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പലപ്പോഴും പിതാവിനൊപ്പം ഹോക്കി കളിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പുടിന്‍ കഴിഞ്ഞ വര്‍ഷം തന്റെ കാമുകിക്കും കുട്ടികള്‍ക്കും വേണ്ടി വന്‍കിട സ്വത്തുക്കള്‍ വാങ്ങാന്‍ രഹസ്യമായി ദശലക്ഷങ്ങള്‍ മുടക്കിയത് വാര്‍ത്തയായിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, യുദ്ധേതര വാര്‍ത്തകളില്‍ പുടിന്‍ നിറയുന്നത് അപൂര്‍വ്വമാണ്.