റഷ്യക്ക് പിഴച്ചതോ? 38 പേർ കൊല്ലപ്പെട്ട വിമാന ദുരന്തത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി പ്രസിഡന്‍റ് പുടിൻ; ‘ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല’

മോസ്ക്കോ: ലോകമാകെ ചർച്ചയായ വിമാനാപകടത്തിൽ അസർബൈജാനോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ക്ഷമാപണം നടത്തി. അസർബൈജാൻ എയർലൈൻസ് വിമാനം കസാഖിസ്ഥാനിൽ തകർന്നുവീണ് 38 പേർ മരിച്ച ദുരന്തത്തിലാണ് പുടിൻ ക്ഷമാപണം നടത്തി രംഗത്തെത്തിയത്. അസർബൈജാൻ പ്രസിഡ‍ന്റുമായി ഫോണിൽ സംസാരിക്കവെയാണ് പുടിൻ ക്ഷമാപണം നടത്തിയത്. ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിൻ പറഞ്ഞിട്ടില്ല. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിനാലാണ് ക്ഷമ ചോദിക്കുന്നെന്നാണ് പുടിൻ പറഞ്ഞത്.

ക്രിസ്മസ് ദിനത്തിലാണ് അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം കസാഖിസ്ഥാനിൽ തകർന്ന് വീണ് 38 പേർ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 29 പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇരകളുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവർക്ക് വേഗം സുഖംപ്രാപിക്കട്ടെയെന്നും പുടിൻ പറഞ്ഞു.

അതേസമയം റഷ്യൻ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്‍റ് ക്ഷമാപണം നടത്തി രംഗത്തെത്തിയത്. വിമാനം തകർന്ന സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസർബൈജാൻ എയർലൈൻ‌സ് ആരോപിച്ചിരുന്നു. സംഭവത്തിൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ ഉയരുന്നതിനിടെയാണ് പുടിന്‍റെ ക്ഷമാപണം എന്നതും ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide