മോസ്കോ: അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റായി വ്ളാഡമിർ പുടിന്‍ സത്യപ്രതിജ്ഞ ചെയ്തു. അടുത്ത ആറ് വര്‍ഷം കൂടി പുടിന്‍ ഭരണത്തില്‍ തുടരുമെന്ന് റഷ്യയുടെ ഭരണഘടനാ കോടതി ചെയര്‍മാന്‍ വാലെറി സോര്‍കിന്‍ അറിയിച്ചു. 87.8 ശതമാനം വോട്ട് നേടിയാണ് 71കാരൻ അഞ്ചാമൂഴത്തിൽ അധികാരമുറപ്പിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് നികോലയ് ഖാറിറ്റോനോവ്, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലിയോനിഡ് സ്ലട്‌സ്കി, ന്യൂ പീപ്പിൾ പാർട്ടി നേതാവ് വ്ലാഡിസ്ലാവ് ദാവൻകോവ് എന്നിവർക്ക് പുടിന് വെല്ലുവിളി ഉയർത്താനായില്ല.
അതേസമയം, പുടിന്റേത് ഏകാധിപത്യമാണെന്നും ഔദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ പ്രഹസനമായിരുന്നു റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നും പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചു. പ്രധാന നേതാക്കളെ ജയിലിലടക്കുകയോ നാടുകടത്തുകയോ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയോ ചെയ്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രഹസനത്തിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് റഷ്യൻ പ്രതിപക്ഷവും ആരോപിച്ചു. ആറുവർഷമാണ് നിലവിൽ പ്രസിഡന്റ് പദവിയുടെ കാലാവധി. വീണ്ടും മത്സരിക്കാനും തടസ്സമില്ല.