മോസ്‌കോ: തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെ മരണപ്പെട്ട പുടിന്‍ വിമര്‍ശകന്‍ അലക്സി നവാല്‍നിയുടെ ഭാര്യയെ ‘ഭീകരരുടെ’ പട്ടികയില്‍ ചേര്‍ത്ത് റഷ്യ. വ്യാഴാഴ്ചയാണ് യൂലിയ നവല്‍നയയെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റഷ്യ പുറത്തുവിട്ടത്.
ജയില്‍ വാസം അനുഭവിക്കുന്നതിനിടെ, കഴിഞ്ഞ ഫെബ്രുവരിയില്‍ ദുരൂഹ സാഹചര്യത്തില്‍ ആര്‍ട്ടിക് ജയിലില്‍ വെച്ചാണ് റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്റെ പ്രധാന എതിരാളിയുമായ അലക്‌സി നവല്‍നി മരിക്കുന്നത്. സ്വാഭാവിക മരണമെന്ന് അധികൃതര്‍ മുദ്രകുത്തിമ്പോഴും ഭര്‍ത്താവിന്റെ മരണത്തില്‍ പുടിനാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്നും ഭര്‍ത്താവ് ഏറ്റെടുത്ത ജോലി തുടരുമെന്നും നവല്‍നയ പ്രതിജ്ഞയെടുത്തിരുന്നു.
റഷ്യന്‍ ഉദ്യോഗസ്ഥര്‍ റഷ്യക്കും അല്ലെങ്കില്‍ ഉക്രെയ്‌നിനെതിരായ ആക്രമണത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കും തീവ്രവാദ ലേബലുകള്‍ പതിവായി പ്രയോഗിക്കാറുണ്ട്. നവല്‍നയ റഷ്യയ്ക്ക് പുറത്താണ് താമസിക്കുന്നത്. റഷ്യയില്‍ കാലുകുത്തിയാല്‍ തടവിലാക്കാനാണ് നീക്കം.