മോസ്ക്കോ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയിലെത്താനിരിക്കെ മോദിയേയും ഇന്ത്യയേയും വാഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ രംഗത്ത്. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടി ആയി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുടിൻ, മോദിയെ പ്രശംസിച്ചത്. മോദിയുമായി സംസാരിക്കുമ്പോളെല്ലാം അദ്ദേഹം ഒറ്റകാര്യത്തിനാണ് വലിയ പരിഗണന നൽകുന്നതെന്ന് പുടിൻ വ്യക്തമാക്കി. അത് യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്നതാണെന്നും പുടിൻ വിവരിച്ചു. അക്കാര്യത്തിൽ മോദിക്ക് നന്ദി അറിയിക്കുന്നതായും റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കി.
അതേസമയം ഇന്ത്യയുമായി കൂടുതൽ മേഖലകളിൽ റഷ്യ സഹകരണം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നതായും പുടിൻ പറഞ്ഞു. ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന മോദിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കി. സിനിമ അടക്കമുള്ള വിവിധ സാംസ്കാരിക മേഖലകളിലടക്കം ഇന്ത്യയുമായുള്ള റഷ്യയുടെ സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു. ബ്രിക്സ് ആർക്കും എതിരല്ലെന്നും ബ്രിക്സ് കൂട്ടായ്മ പാശ്ചാത്യ വിരുദ്ധമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പുടിൻ ചൂണ്ടികാട്ടി. ചൈന, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ മികച്ച സാമ്പത്തിക വളർച്ചയുടെ പാതയിൽ ആണെന്നും റഷ്യൻ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
അതേസമയം 16 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 22 നാണ് റഷ്യയിലേക്ക് തിരിക്കുക. റഷ്യൻ പ്രസിഡന്‍റിന്‍റെ ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്. സന്ദർശനത്തിനിടെ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുടിന്റെ അധ്യക്ഷതയിൽ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുക. പുടിനെ കൂടാതെ മറ്റ് ലോക നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ലോകരാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയെന്നാണ് ഇന്ത്യയുടെ അഭിപ്രായം.