‘ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു, പുടിന്‍…അവസാനമായി എന്റെ മകനെയൊന്ന് കണ്ടോട്ടേ…’ യാചിച്ച് നവല്‍നിയുടെ അമ്മ

മോസ്‌കോ: പുടിന്‍ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായിരുന്ന അലക്സി നവല്‍നിയുടെ മൃതദേഹം കാണിക്കണമെന്നും വിട്ടുതരണമെന്നും ആവശ്യപ്പെട്ട് നവല്‍നിയുടെ അമ്മ റഷ്യന്‍ പ്രസിഡന്റിനോട് അപേക്ഷിച്ചു.

മകന്റെ മൃതദേഹം കാണുന്നതില്‍ നിന്നും അധികാരികള്‍ വിലക്കിയതിനെത്തുടര്‍ന്ന് അലക്‌സിയുടെ അമ്മ ലുഡ്മില നവല്‍നിയ നല്‍കിയ കേസ് അടുത്ത മാസം റഷ്യന്‍ ഫാര്‍ നോര്‍ത്ത് കോടതി പരിഗണിക്കും. ലുഡ്മില നവല്‍നിയ തന്റെ മകന്റെ മരണവാര്‍ത്തയറിഞ്ഞ് ജയിലില്‍ എത്തിയെങ്കിലും മൃതദേഹം കാണിക്കാതെ അധികൃതര്‍ തടയുകയായിരുന്നു. മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയിട്ടും കാണിക്കാതെ മടക്കി അയയ്ക്കുകയായിരുന്നു.

അതേസമയം, വിഷം നല്‍കി തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും അതിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ നിന്നും അപ്രത്യക്ഷമാകാനാണ് അധികൃതര്‍ രണ്ടാഴ്ച മൃതദേഹം മറച്ചുവയ്ക്കുന്നതെന്നും നവല്‍നിയുടെ ഭാര്യ യൂലിയ ആരോപിച്ചു.

മകന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് അലക്‌സിയുടെ അമ്മ പുടിനോട് യാചിക്കുന്ന തരത്തില്‍ ഒരു വീഡിയോ പുറത്തുവിട്ടത്. ‘അഞ്ച് ദിവസം മുമ്പാണ് എന്റെ മകന്‍ അലക്‌സി നവല്‍നി കൊല്ലപ്പെട്ടത്. അലക്‌സിയുടെ മൃതദേഹം ഇതുവരെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിട്ടുകൊടുത്തിട്ടില്ല. നവല്‍നിയുടെ മൃതദേഹം ഉടന്‍ വിട്ടുകിട്ടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു’ എന്നു പറയുന്ന വീഡിയോയില്‍ ‘ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു, വ്ളാഡിമിര്‍ പുടിന്‍, പ്രശ്‌നത്തിന്റെ പരിഹാരം നിങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു, അവസാനമായി ഞാന്‍ എന്റെ മകനെ കാണട്ടെ. അലക്‌സിയുടെ മൃതദേഹം ഉടന്‍ വിട്ടുകിട്ടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു, അങ്ങനെ അവനെ മനുഷ്യത്വപരമായ രീതിയില്‍ സംസ്‌കരിക്കണം’ ആ അമ്മ നെഞ്ചുപിടഞ്ഞ് കേണു.

എന്നാല്‍ അലക്‌സിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന നിയമവിരുദ്ധമായ കാര്യങ്ങള്‍’ സംബന്ധിച്ച് കോടതിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കോടതി വാദം കേള്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ട്ടിക് നഗരമായ സലേഖര്‍ഡിലെ കോടതി മാര്‍ച്ച് 4 ന് കേസ് പരിഗണിക്കുമെന്ന് നവല്‍നിയുടെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍നി, അദ്ദേഹത്തെ ‘അന്തസ്സോടെ സംസ്‌കരിക്കാന്‍’ അധികാരികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഹ്വാനം നടത്തിയിട്ടുണ്ട്. വിഷയത്തില്‍ പുടിന്‍ മൗനം വെടിയണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ പുടിന്റെ പ്രതികരണം വന്നിട്ടില്ല.

More Stories from this section

family-dental
witywide