
ന്യൂഡൽഹി: ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡമിർ സെലൻസ്‌കിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- ഉക്രെയ്ൻ ബന്ധം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് സെലൻസ്‌കിയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടേയും സംഭാഷണം.
”ഉക്രെയ്ൻ പ്രസിഡന്റുമായി വളരെ മികച്ചൊരു സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാൻ ഇന്ന് സാധിച്ചു. ഇന്ത്യ- ഉക്രെയ്ൻ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. വരും വർഷങ്ങളിലും ഉക്രെയ്‌നിന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയുണ്ടാകും. യുക്രെയ്‌നിൽ നിലനിന്നിരുന്ന സംഘർഷങ്ങൾക്ക് അവസാനമായിരിക്കുന്നു. സമാധാനം നിലനിർത്തുന്നതിനായി തുടർന്നും ഇടപെടും.” പ്രധാനമന്ത്രി കുറിച്ചു.
ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം തുടരുന്നതിന്റെ സന്തോഷം ഉക്രെയ്ൻ പ്രസിഡന്റും പങ്കുവച്ചു. ഉക്രെയിനിലെ ജനങ്ങൾക്ക് ഭാരതം നൽകുന്ന മാനുഷിക സഹായങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. വരും വർഷങ്ങളിലും ഇന്ത്യയുമായുള്ള സൗഹൃദം പങ്കിടാനുള്ള താത്പര്യവും യുക്രെയിൻ പ്രസിഡന്റ് വ്യക്തമാക്കി.