‘മുഖ്യമന്ത്രി തലക്ക് വെളിവില്ലാതെ എന്തൊക്കെയോ പറയുന്നു, ബാപ്പയെ കുത്തിക്കൊന്ന് മകന്‍ നാടുവിടുന്നതു കണ്ടിട്ടില്ലേ?’: പി വി അൻവർ

മലപ്പുറം : മുഖ്യമന്ത്രി തലക്കു വെളിവില്ലാതെ എന്തൊക്കെയോ പറയുകയാണെന്ന് പി വി അന്‍വര്‍. സ്വര്‍ണക്കടത്ത്, ഹവാല പണം പൊലീസ് പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അന്‍വറിന്റെ ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് മുഖ്യമന്ത്രി ദേശീയമാധ്യമങ്ങളോട് പറഞ്ഞകാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അന്‍വറിന്റെ പ്രതികരണം. ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഇതു പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ. എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതല്ലേയെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇവിടുത്തെ സഖാക്കള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പിടിച്ചെടുക്കുന്ന സ്വര്‍ണം കൃത്യമായി പൊലീസ് കസ്റ്റംസിന് കൊടുത്താല്‍ പോരേയെന്നാണ് താന്‍ ചോദിക്കുന്നത്. ഇതിനെന്താ ഉത്തരം?. ഇതു കൊടുത്തു വിട്ടത് ആരാണെന്ന് പൊലീസിന് വിദേശരാജ്യങ്ങളില്‍ പോയി അന്വേഷിക്കാന്‍ കഴിയുമോ?. കസ്റ്റംസിന് അത് അന്വേഷിക്കാന്‍ ചട്ടമുണ്ട്, അന്താരാഷ്ട്ര നിയമമുണ്ട്. കൊടുത്തു വിട്ടവനെയും പിടിക്കണ്ടേ?. കൊടുത്തുവിട്ടവന്റെ ഏജന്റിനെ ഒരാളെയെങ്കിലും പൊലീസ് അന്വേഷിച്ചോ?. മുഖ്യമന്ത്രി തലക്കു വെളിവില്ലാതെ പറയുകയാണ്. ഇതൊരു പ്രപഞ്ച സത്യമായി നില്‍ക്കുകയല്ലേയെന്നും അന്‍വര്‍ ചോദിച്ചു.

പൊലീസ് പിടിച്ച ഒരു കേസും ശിക്ഷിക്കാന്‍ കഴിയില്ല. കസ്റ്റംസ് ആക്ട് 108 പ്രകാരം കേസെടുത്താല്‍ മാത്രമേ ശിക്ഷ ഉറപ്പാക്കാനാവൂ. എവിടെ നിന്നും വന്നു, എവിടെയെത്തി, ആര്‍ക്കു കൊടുത്തു എതെല്ലാം അന്വേഷിക്കാന്‍ കസ്റ്റംസിനേ കഴിയൂ. ഇന്നത് രാജ്യദ്രോഹ കുറ്റമാണ്. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ശക്തമായ പങ്കുണ്ട്. എഡിജിപി അജിത് കുമാറും ഇതിനു കൂട്ടുണ്ട്. ഒരു എസ് പി മാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ല. അതു മനസ്സിലാക്കാന്‍ കോമണ്‍സെന്‍സ് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആവര്‍ത്തിച്ച് തനിക്കെതിരെ പറയുന്നത് അദ്ദേഹത്തിന് ‘ഹൊയ്.. ഹൊയ്’ വിളിക്കുന്നവരെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ്. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകന്‍ കുത്തിക്കൊന്ന് പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ എന്നും അന്‍വര്‍ ചോദിച്ചു. തന്റെ പൊതുയോഗത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ. തനിക്കെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് പ്രതികാര നടപടിയുടെ ഭാഗമാണ്. തനിക്കെതിരായ കൊലവിളി മുദ്രാവാക്യം വിളിയില്‍ പരാതി നല്‍കില്ലെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide