കൊച്ചി: എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്. റസ്റ്റ് ഹൗസില്‍ യോഗം ചേരാനായി മുറി അനുവദിച്ചില്ലെന്നും ഇതിന് പിന്നില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണെന്നും അന്‍വര്‍ ആരോപിച്ചു. റും നല്‍കാത്തതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ വടിയെടുത്ത് കൂടെ നിൽക്കുന്ന സമീപനമാണ് മരുമകന്‍ സ്വീകരിക്കുന്നതെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. ഇടതുസര്‍ക്കാര്‍ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.
50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന് വേണ്ടി ഇമെയില്‍ നല്‍കിയിരുന്നു. ഉച്ചയോടെ രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗമാണ് നടക്കുന്നതെന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് പി ഡബ്യു ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നാണ് അൻവർ വിശദീകരിച്ചത്. താന്‍ രാഷ്ട്രീയ യോഗമല്ല ചേരുന്നതെന്ന് ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചെങ്കിലും ഒരു മറുപടിയും തന്നില്ലെന്നും അന്‍വര്‍ വിവരിച്ചു.