‘ഇഎംഎസും പഴയ കോൺഗ്രസുകാരൻ’, മുഖ്യമന്ത്രി തള്ളി പറഞ്ഞാൽ തീരുന്നതല്ല എന്‍റെ മനോവീര്യം; പരസ്യ മറുപടിയുമായി അൻവർ

മലപ്പുറം: എ ഡി ജി പി അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങളിൽ പരസ്യമായി തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്ക് പരസ്യ മറുപടിയുമായി പി വി അൻവർ രംഗത്ത്. പഴയ കോൺഗ്രസുകാരൻ എന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിലാണ് അൻവറിന്‍റെ തിരിച്ചടി. താൻ മാത്രമല്ല, ഇ എം എസും പഴയ കോൺഗ്രസുകാരനായിരുന്നുവെന്ന് അൻവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ കൂടെയുള്ളവർ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചെന്നും അവർ മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിലാക്കുമെന്നും എംഎല്‍എ പറഞ്ഞു. തെറ്റിദ്ധാരണ മാറുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരുമെന്ന് അന്‍വര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സത്യങ്ങള്‍ മുഴുവന്‍ മറച്ചുവച്ച് പൊലീസിന്റെ മനോവീര്യം തകര്‍ക്കലാണെന്നാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം പുനഃപരിശോധന നടത്തണമെന്നും അന്‍വര്‍ പറഞ്ഞു. പൊലീസിന്റെ മനോവീര്യം തകര്‍ക്കലാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അത് അദ്ദേഹം പുനഃപരിശോധിക്കണം. മനോവീര്യം തകരുക നാലോ അഞ്ചോ പേരുടെത് മാത്രമായിരിക്കും. രണ്ടാമത്തെ കാര്യം, സുജിത് ദാസിന്റെ കോള്‍ റെക്കോര്‍ഡ് ചെയ്‌തെന്ന കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ഞാന്‍ നേരത്തെ തന്നെ അഡ്മിറ്റ് ചെയതതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കോള്‍ പുറത്തുവിടുകയല്ലാതെ മറ്റ് രക്ഷയുണ്ടായിരുന്നില്ല. എസ്പി ഒരു എംഎല്‍എയുടെ കാല് പിടിക്കുന്നതെന്തിനാണ്. ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം താന്‍ പുറത്തുവിട്ടിട്ടില്ല. അത് തനിക്ക് പടച്ചോന്‍ തന്നതാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഉത്തരം പറയുന്നപോലെ എസ് പി ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു. ഫോണ്‍ റെക്കോര്‍ഡ് പുറത്തു വിട്ടതുകൊണ്ടാണ് ഇത്രയെങ്കിലും എത്തിയതെന്നും അന്‍വര്‍ പറഞ്ഞു.

പാർട്ടിയിലെ ഒരു സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത് അദ്ദേഹം മനസിലാക്കണം. താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് ബോധ്യപെട്ടില്ല എന്ന് പറയട്ടെ. സി പി എമ്മിന്റെ മറുപടിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നും അൻവർ പറഞ്ഞു. പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപറഞ്ഞ് ആളാകാനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ശശിക്ക് എതിരെ ഗുരുതര ആരോപണവും അൻവർ നടത്തി. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. പങ്കുപറ്റുന്നത് കൊണ്ടാവും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത്. പി ശശിയുടെ പ്രവർത്തനം മാതൃക പരം എന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്നും തനിക്ക് ആ അഭിപ്രായം അല്ല ഉള്ളതെന്നും അൻവർ പറഞ്ഞു.

സാജൻ സ്‌ക്കറിയയുടെ കേസിലാണ് താൻ ശശിയുമായി തെറ്റുന്നതെന്നും സാജന് ജാമ്യം ലഭിച്ചതിന് പിന്നിൽ പി ശശിയും അജിത്ത് കുമാറുമാണെന്നും അൻവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തള്ളി പറഞ്ഞാൽ തീരുന്നതല്ല തന്റെ മനോവീര്യമെന്നും താൻ തീയിൽ കുരുത്തതാണെന്നും ആരുടേയും തെറ്റുധാരണ തിരുത്താൻ താൻ ഇല്ലെന്നും അൻവർ പറഞ്ഞു.

More Stories from this section

family-dental
witywide