നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി നിലമ്പൂർ എംഎൽഎ പി.വി അന്‍വര്‍. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്ത അൻവർ ശശി തന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
“കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു മുഖ്യമന്ത്രി. ആ സൂര്യൻ കെട്ടു. മുഖ്യമന്ത്രി തന്നെ ചതിച്ചു. ആ മനുഷ്യൻ എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് ആളുകൾ മനസിലാക്കണം. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായി. എഡിജിപിയും ശശിയും എസ്പി സുജിത് ദാസുമായി ചേർന്ന് തട്ടിയ സ്വർണത്തിന്റെ കണക്ക് അന്വേഷിക്കണം. കാട്ടുകള്ളനാണ് പി. ശശി. ഈ സർക്കാർ രക്ഷപ്പെടാൻ ആ കള്ളൻ പുറത്തുചാടണം. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് എന്തുമാകാം, അഴിമതി നടത്താം.. പ്രവർത്തകരെ മിണ്ടാൻ അനുവദിക്കില്ല- അൻവർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അൻവർ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചതിനു ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അൻവർ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍ അദ്ദേഹത്തിന് എന്തോ നിസ്സഹായാവസ്ഥയുണ്ടെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അൻവർ, സ്വർണക്കടത്തിൽ അന്വേഷണം നടത്താൻ സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതി പോലും കസ്റ്റംസിലേക്ക് പോകുന്നില്ല. സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ കഴിയുമോ എന്നും അൻവർ ചോദിച്ചു.