മലപ്പുറം: ബാപ്പയെ പോലെ കരുതിയ മുഖ്യമന്ത്രി കള്ളനാക്കിയപ്പോൾ സഹിച്ചില്ലെന്നും അതുകൊണ്ടാണ് രണ്ടും കല്‍പ്പിച്ചിറങ്ങിയതെന്നും പി വി അൻവർ. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ 37 മിനിറ്റ് കൂടിക്കാഴ്ച നീണ്ടിരുന്നു. എല്ലാം അദ്ദേഹം വായിച്ചുനോക്കി. മുഖ്യമന്ത്രി പിണറായി തനിക്ക് സ്വന്തം ബാപ്പയെപ്പോലെ ആയിരുന്നു. വര്‍ഗീയതയ്ക്കെതിരെ അത്ര ശക്തമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. എന്നാൽ ശശിയുടെയും അജിത് കുമാറിന്‍റെയും ചെയ്തികൾ അറിഞ്ഞിട്ടും എന്നെ കള്ളനായി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതോടെയാണ് പോരാടാൻ തീരുമാനിച്ചത്. എന്തായാലും ഇപ്പോൾ പാർട്ടിയുണ്ടാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അൻവർ നിലമ്പൂർ സമ്മേളനത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കി പറഞ്ഞു.
മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ ആ വിഷയത്തിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അൻവർ ആയതുകൊണ്ട് മുസ്ലിം വർഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ച.- അൻവർ കൂട്ടിച്ചേർത്തുനിലമ്പൂരില്‍ ചന്തക്കുന്നിലെ ബസ്സ്റ്റാന്‍ഡിനടുത്താണ് വന്‍ ജനാവലി പങ്കെടുത്ത യോഗം നടക്കുന്നത്. സിപിഎം മുൻ പ്രാദേശിക നേതാവും അന്‍വറിനൊപ്പം വേദിയിലെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്.