മലപ്പുറം: എ ഡി ജി പി എം.ആർ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ നിലമ്പൂർ എം എൽ എ പി.വി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്. മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകുമെന്നാണ് നിലമ്പൂർ എം എൽ എയുടെ വിവാദങ്ങൾക്കിടെയുള്ള പോസ്റ്റിൽ പറയുന്നത്. സി പി എമ്മിന്റെ കൊടിക്ക് കീഴിൽ നിന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സി പി എം ആണ് തന്നെ താനാക്കിയതെന്നും പാർട്ടി അംഗത്വമില്ലാത്ത താൻ സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി എന്നും ഉണ്ടാകുമെന്നുമാണ് അൻവർ കുറിപ്പിലൂടെ പറഞ്ഞത്.
അതിനിടെ പി വി അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും സി പി എം നേതാവ് പരാതി നൽകിയതും ശ്രദ്ധേയമായി. സി പി എം നെടുവ ലോക്കൽ കമ്മിറ്റി അംഗം എ പി മുജീബാണ് അൻവറിന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. പൊലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്നും വിഷയത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും എ പി മുജീബ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അൻവർ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി ഡി ജി പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എ ഡി ജി പി എം ആർ അജിത്ത് കുമാറിനെതിരെയടക്കം അൻവർ ഉന്നയിച്ച ആരോപണങ്ങളോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള പ്രതികരണം ചിരിയിലൊതുക്കിയ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡി ജി പിയോട് റിപ്പോർട്ട് തേടിയത്. സിയാലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോളാണ് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചത്. മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുകയായിരുന്നു.