മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളുമായി പി.വി. അൻവർ എംഎൽഎ. എഡിജിപി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാർട്ടിയും പരിശോധിക്കണമെന്നും അൻവർ പറഞ്ഞു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ തെളിവുകളടക്കമുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു അൻവറിന്റെ വിമർശനം.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിലെ പൊലീസ് പങ്കിന്റെ തെളിവുകളാണ് അൻവർ പുറത്തുവിട്ടത്. പത്രസമ്മേളന സ്ഥലത്ത് നേരത്തെ തന്നെ തയ്യാറാക്കിയിരുന്ന മോണിറ്ററിൽ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചായിരുന്നു പി.വി. അൻവറിന്റെ വെല്ലുവിളി. ആരോപണങ്ങളില്‍ നടപടി ഇല്ലാതെവന്നപ്പോള്‍ തനിക്ക് ഒരു ഡിറ്റക്ടീവ് ആകേണ്ടിവന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്‍വര്‍ സ്വന്തം അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും അതിന് തെളിവായുള്ള വീഡിയോകളും പുറത്തുവിട്ടത്.
വിമാനത്താവളംവഴി കൊണ്ടുവരുന്ന സ്വർണം പിടിച്ചെക്കുന്ന പോലീസ് അതിൽനിന്ന് എടുത്തശേഷം കുറഞ്ഞ അളവിലുള്ള സ്വർണം മാത്രമാണ് കോടതിയിലും കസ്റ്റംസിന് മുമ്പിലും സമർപ്പിക്കുന്നതെന്നും പി.വി. അൻവർ ആരോപിച്ചു. ഇത്തരത്തിൽ രണ്ടു കേസുകളിൽ ഉൾപ്പെട്ടവരുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പി.വി. അൻവർ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്.
കരിപ്പൂര്‍ വഴി സ്വര്‍ണം കൊണ്ടു വന്നതില്‍ നിന്നും ഒരാളില്‍ നിന്ന് 900 ഗ്രാം പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ രേഖകള്‍ കോടതിയിലില്ലെന്നും മറ്റൊരാളില്‍ നിന്ന് കൊണ്ടുവന്ന 900 ഗ്രാമില്‍ 526 ഗ്രാമാണ് കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു. പിന്നാലെയായിരുന്നു സ്വര്‍ണം പൊട്ടിക്കലില്‍ ക്യാരിയറായിരുന്ന നിഷാദും ഭാര്യയുമായും നടത്തിയ സംഭാഷണം അന്‍വര്‍ പുറത്ത് വിട്ടത്.
“2023 മെയില്‍ ഖത്തറില്‍ നിന്ന് വന്നു. കുടുംബം കൂട്ടിക്കൊണ്ടു പോകാന്‍ വന്നു. വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. പിന്നാലെ പൊലീസ് വാഹനം തടഞ്ഞു. കരിപ്പൂര്‍ ടോള്‍ ഗേറ്റിന് സമീപത്ത് നിന്നുമാണ് പൊലീസ് ജീപ്പില്‍ കയറ്റിയത്. സ്വര്‍ണം കയ്യില്‍ ഉള്ളത് അറിയാമെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തോട് കാറില്‍ കാത്തിരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ സ്വര്‍ണത്തിന്റെ ഫോട്ടോയെടുക്കാതെ എന്റെ ഫോട്ടോയെടുത്തു. 300 ഗ്രാം വീതം 3 ക്യാപ്‌സുളുകളുണ്ടായിരുന്നു. 900 ഗ്രാം സ്വര്‍ണം ആണ് പിടിച്ചത്,” നിഷാദ് പറഞ്ഞു
യൂണിഫോം ധരിക്കാത്ത രണ്ടു പൊലീസുകാരാണ് വന്നതെന്നും ഒപ്പ് ഇടാന്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നും നിഷാദ് പറഞ്ഞു. പിന്നീട് വേറെ പൊലീസ് ഉദ്യോഗസ്ഥര്‍ ആയെന്നും അവര്‍ മറ്റൊന്നും ചോദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സ്വര്‍ണം പൊലീസ് പിടിച്ചു വെച്ചു സാക്ഷികള്‍ ആരും ഉണ്ടായിരുന്നില്ല. സ്വര്‍ണം ഉദ്യോഗസ്ഥര്‍ അവിടെ എടുത്ത് വെച്ചു. തഹസില്‍ദാര്‍ അടക്കം ആരും ഉണ്ടായിരുന്നില്ല. ഫോണ്‍ തിരിച്ചു തന്നെങ്കിലും പാസ്പോര്‍ട്ട് പൊലീസ് പിടിച്ചുവെച്ചു. എന്നിട്ട് പോകാന്‍ പറഞ്ഞു. പൊലീസ് വിളിക്കും എന്നാണ് പറഞ്ഞത്. അതുകൊണ്ട് പിന്നീട് പൊലീസിന്റെ അടുക്കല്‍ പോയില്ല. പിന്നീട് കസ്റ്റംസിന്റെ ഉദ്യോഗസ്ഥര്‍ വന്ന് വീട് പരിശോധിച്ചു. പാസ്പോര്‍ട്ട് കിട്ടണമെങ്കില്‍ പണം തരണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് വിളിച്ച് മഞ്ചേരി കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞു. വിളിക്കാന്‍ ഒരു നമ്പറും പൊലീസ് നല്‍കി,’ നിഷാദ് പറഞ്ഞു.
പാസ്പോര്‍ട്ട് കിട്ടണമെങ്കില്‍ 30,000 രൂപ അടക്കണമെന്നും പൊലീസ് പിന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചില്ലെന്നും നൗഷാദ് പറഞ്ഞു. പറയുന്നത് മുഴുവന്‍ സത്യമാണെന്നും അന്വേഷണം വരുമ്പോള്‍ സഹികരുക്കുമെന്നും ക്യാരിയറും കുടുംബവും വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം ഈ വെളിപ്പെടുത്തല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എസ്‌ഐടി ആ ഭാഗത്തേക്ക് പോയില്ലെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് തനിക്ക് ഈ പണി എടുക്കേണ്ടി വന്നതെന്നുമാണ് വാർത്താ സമ്മേളനത്തില്‍ അന്‍വർ പറഞ്ഞത്.