കണ്ണൂർ: സർക്കാറിനെ തകർക്കാൻ നോക്കുന്ന ചില ലോബികൾക്ക് എതിരെയുള്ള വിപ്ലവമാണ് തന്റെ പോരാട്ടമെന്നും ആ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂവെന്നും പി വി അൻവർ എംഎൽഎ. ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സന്ദർശിച്ച ശേഷമായിരുന്നു മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ച കാര്യമാണ് താൻ പറഞ്ഞത്. പാർട്ടിക്കും ദൈവത്തിനും മുന്നിൽ മാത്രമേ താൻ കീഴടങ്ങുകയുള്ളൂ. ഉടൻ നടപടി വേണമെന്ന് വാശി പിടിക്കാനില്ലെന്നും അൻവർ പറഞ്ഞു.
നടപടിക്രമങ്ങൾ പാലിച്ച് തീരുമാനം വരും. തീരുമാനം വന്നില്ലെങ്കിൽ ഇടപെടുമെന്നും അൻവർ വ്യക്തമാക്കി. എഡിജിപി അജിത്കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കെണ്ടത് മുഖ്യമന്ത്രിയാണെന്നും അൻവർ പറഞ്ഞു. നീതിപൂർവകമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പോരാട്ടം നിലച്ചെന്നും, എലിയായി പോയെന്നുമുള്ള വിമര്‍ശനത്തെ അന്‍വര്‍ തള്ളി. എലി അത്ര നിസ്സാര ജീവിയൊന്നുമല്ല. ഒരു വീട്ടില്‍ എലിയുണ്ടെങ്കില്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. എലി അത്ര നിസാര ജീവിയാണെന്ന് താന്‍ കരുതുന്നില്ല. എലിയായാലും പൂച്ചയായാലും താന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. ജനങ്ങളുടെ മുന്നിലാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളത്. എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ആ സ്‌കൂളിലെ അധ്യാപകരും പ്യൂണുമൊക്കെയാണോ അന്വേഷിക്കേണ്ടത്. എന്നിട്ട് ആ ഹെഡ് മാസ്റ്റര്‍ക്ക് തന്നെ റിപ്പോര്‍ട്ട് കൊടുക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?. എഡിജിപിയെ മാറ്റി നിര്‍ത്തിയില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിന് ഇന്നലെയല്ലേ പരാതി കൊടുത്തിട്ടുള്ളത്. ഇത് പഠിക്കേണ്ടേ?. അതിന് നടപടിക്രമമില്ലേ എന്ന് അന്‍വര്‍ ചോദിച്ചു. ആ പ്രൊസീജിയര്‍ അനുസരിച്ച് കാര്യങ്ങള്‍ നീങ്ങും. ഹെഡ്മാസ്റ്റര്‍ ആ കസേരയില്‍ ഇരുന്നിട്ട് പ്യൂണ്‍ അന്വേഷിക്കും എന്ന അഭിപ്രായം തനിക്കില്ല. അതിന്റെ ഉത്തരവാദിത്തം ഈ സര്‍ക്കാരിനും പാര്‍ട്ടിക്കുമൊക്കെയുണ്ട്. അവര്‍ പഠിക്കട്ടെയെന്ന് പിവി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ആണ്പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കും. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.