മുഖ്യമന്ത്രിയുടെ ‘മലപ്പുറം പ്രസ്താവന’ ദുരുദ്ദേശപരമെന്ന് അൻവർ; ‘ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നു’

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. ‘ദ ഹിന്ദു’ പത്രത്തിലെ പരാമർശത്തിലൂടെ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് അൻവർ ആരോപിച്ചു. ഹിന്ദുവിലെ ലേഖനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ഇംഗ്ലീഷ് പത്രത്തിൽ കൊടുത്താൽ ഡൽഹിയിൽ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അൻവർ ചോദിച്ചു.

“മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കൈയിലാണെന്ന് മുഖ്യമന്ത്രി ദി ഹിന്ദു പത്രത്തോട് പറഞ്ഞു. മാതൃഭൂമിയും മനോരമയുമുൾപ്പെടുന്ന കേരളത്തിലെ മറ്റ് പത്രങ്ങളോട് എന്താണ് പറയാത്തത്? ചോദ്യമുണ്ടാകും. വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്, സദുദ്ദേശമാണോ, ദുരുദ്ദേശമാണോ? കരിപ്പൂരിൽ ഇറങ്ങി തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും മറ്റുജില്ലകളിലേക്കുമടക്കം പോകുന്ന സ്വർണം മലപ്പുറത്താണ് പിടിക്കുന്നത്. പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്ന് നോക്കണം. ആ ജില്ലാക്കാരനാണ് പ്രതി എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാൽ, അദ്ദേഹം ഒരു സമുദായത്തിനുമേൽ അടിച്ചേൽപ്പിക്കുന്നു. അപകടകരമായ പോക്കാണിത്. ശരിയായ രീതിയിലുള്ളതല്ല. ഇതാണ് ചോദ്യംചെയ്യപ്പെടുന്നത്,” അൻവർ വ്യക്തമാക്കി.

ഹിന്ദുത്വയെ ശക്തമായി നേരിട്ടത് സിപിഐഎം ആണെന്ന് അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നുണ്ട്. അതിൽ സംശയമില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഏക സിവിൽ കോഡ്, പൌരത്വഭേദഗതി എന്നിവയിലെ ഇടത് നിലപാട് ആത്മാർത്ഥപരമായിരുന്നുവെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ എല്ലാം മാറി മറിയുന്നത് ഒന്നൊന്നര വർഷത്തിനുള്ളിലാണ്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide