മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മനഃപൂര്‍വ്വം സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി ചിത്രീകരിച്ചെന്ന് ഇടത് എംഎല്‍എ പി.വി.അന്‍വര്‍. താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്നും അൻവർ പറഞ്ഞു. പാര്‍ട്ടി അഭ്യര്‍ത്ഥന മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി ഓഫീസിലെ മരംമുറി ഉള്‍പ്പെടെ താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
എസ് പി ഓഫീസിലെ മരംമുറി, സ്വര്‍ണം പൊട്ടിക്കല്‍, റിദാന്‍ വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമല്ലെന്നാണ് പി വി അന്‍വറിന്റെ ആരോപണം. തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുകയാണെന്നും അന്‍വർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
“പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനമാനിച്ച് പരസ്യപ്രസ്താവന ഒഴിവാക്കിയതായിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് നിര്‍ദേശം മാനിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കേസ് അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണരീതി പരിതാപകരമാണ്. 188 -ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഇതുണ്ടായിരുന്നു. 188-ല്‍ 25 കടത്തുകാരെയെങ്കിലും കണ്ടാല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷംവരെ അത്തരത്തിലൊരു അന്വേഷണം നടന്നിട്ടില്ല. റിദാന്‍ വധക്കേസില്‍ എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍നില്‍ക്കെ എടവണ്ണ പോലീസ് ഇടപെടല്‍ നടത്തി. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞത് പാടേ ലംഘിക്കുകയാണ്.”
മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, എഡിജിപി എം ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെയായിരുന്നു പി വി അന്‍വറിന്റെ ആരോപണം. മലപ്പുറത്തെ സ്വര്‍ണം പൊട്ടക്കല്‍ പൊലീസിന്റെ അറിവോടെയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അതിന് ചുക്കാന്‍ പിടിക്കുന്നത് സുജിത് ദാസാണെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപി അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ആഭ്യന്ത വകുപ്പ് ഭരിക്കുന്നതെന്നായിരുന്നു അന്‍വറിന്റെ മറ്റൊരു ഗുരുതര ആരോപണം. വാര്‍ത്താസമ്മേളനം തുടര്‍ച്ചയായി വിളിച്ചായിരുന്നു അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അന്‍വറിനെ തള്ളി രംഗത്തെത്തി. അന്‍വറിന്റേത് ഇടത് രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത ദിവസം അന്‍വറിനെതിരെ സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് അന്‍വര്‍ രംഗത്തെത്തിയത്.