മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ നയം വ്യക്തമാക്കാന്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. തൃശൂരില്‍ ബിജെപി ജയിക്കാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിവി അന്‍വര്‍ ആരോപിച്ചു. തമിഴ്‌നാട്ടില്‍ ബിജെപിയുടെ അധിനിവേശത്തെ സ്റ്റാലിന്‍ തടഞ്ഞപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി ബിജെപിക്ക് പരവതാനി വിരിച്ചു കൊടുത്തുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം കച്ചവടം ഉറപ്പിച്ചെന്നും അന്‍വര്‍ പറഞ്ഞു.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയായിട്ടുണ്ടെന്നാണ് അൻവർ വിവരിച്ചത്. പാലക്കാട് സിപിഎം ബിജെപിയ്ക്ക് നല്‍കുമെന്നും പകരം ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യുമെന്നും അന്‍വര്‍ ആരോപിച്ചു. സിപിഎമ്മും ബിജെപിയുമായുള്ള വോട്ടുകച്ചവടത്തിന് നേതൃത്വം നൽകിയത് എ.ഡി.ജി.പി അജിത്കുമാറാണെന്നും അൻവർ ആരോപിച്ചു.
അൻവറിന്‍റെ വാക്കുകൾ
ഇനിയും തിരഞ്ഞെടുപ്പ് വരുന്നുണ്ട്. പാലക്കാടും ചേലക്കരയും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാവം കോൺഗ്രസ് പെടാൻ പോവുകയാണ്. പാലക്കാട് ബി.ജെ.പിക്ക് കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. അതിന്റെ അലയൊലികൾ അവിടെ ആരംഭിച്ചുകഴിഞ്ഞു. ചേലക്കരയിൽ ബി.ജെ.പിക്ക് സി.പി.എം വോട്ട് ചെയ്യും. കൃത്യമായ പ്ലാനിങ്ങാണത്. എ.ഡി.ജി.പി അജിത്കുമാറാണ് നേതൃത്വം കൊടുക്കുന്നത്. പാർലമെന്റിൽ ഒരു സീറ്റ്, നിയമസഭയിൽ ഒരു സീറ്റ്. അത് അങ്ങേരങ്ങ് ഹോൾസെയിലായി ഏറ്റെടുത്തിരിക്കുകയാണ്. എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ എംകെ സറ്റാലിനോട് തന്നെ തള്ളി പറയാന്‍ ചിലര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനല്ല ഞാൻ ചെന്നൈയിൽ പോയത്. സ്റ്റാലിന്റെ ആശിർവാദം വാങ്ങാനാണ് പോയത്. ബിജെപിക്ക് വരാനുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചതുകൊണ്ടാണ് എംകെ സ്റ്റാലിനെ കാണാന്‍ പോയതെന്നും അന്‍വര്‍ പറഞ്ഞു. ഇതൊരു രാഷ്ട്രീയ പാർട്ടിയോ മുന്നേറ്റമോ അല്ല. ഇതൊരു സാമൂഹിക മുന്നേറ്റമാണ്. നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡിഎംകെ ഉദ്ദേശിക്കുന്നതെന്നും അൻവർ വിവരിച്ചു.