‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിനും നിലമ്പൂരിനും മാപ്പുണ്ട്’! പക്ഷെ…, ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തെ പരിഹസിച്ച് പിവി അൻവർ

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരനെ പരസ്യമായി അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യവുമായി ഐ പി എസ് അസോസിയേഷൻ പ്രമേയം പാസാക്കിയതിനെ പുച്ഛിച്ചു തള്ളി പി വി അൻവർ എം എൽ എ രംഗത്തെത്തി. ”കേരളത്തിന്റെ മാപ്പുണ്ട്‌…മലപ്പുറം ജില്ലയുടെ മാപ്പുണ്ട്‌..നിലമ്പൂരിന്റെ മാപ്പുണ്ട്‌.. ഇനിയും വേണോ മാപ്പ്‌..” എന്ന പരിഹാസവാക്കുകളാണ് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.

പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ ജില്ലാ പൊലീസ് മേധാവി എസ്ശ ശിധരനെ കഴിഞ്ഞദിവസമാണ് പരസ്യമായി പി.വി.അൻവർ എം.എൽ.എ അധിക്ഷേപിച്ചത്. മനോവിഷമത്തിലായ എസ്.പി പ്രസംഗിക്കാതെ വേദി വിട്ടു. അൻവർ ഉദ്ഘാടകനും എസ്.പി മുഖ്യപ്രഭാഷകനുമായിരുന്നു. എസ്.പിയെ ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതുമാണ് അൻവറിനെ ചൊടിപ്പിച്ചത്.

ഇതിന് പിന്നാലെ എസ് പി ഏതാനും വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച് വേദി വിടുകയും ചെയ്തതോടെ വിവാദം കത്തി. ഇതിനു ശേഷമാണ് പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. മലപ്പുറം എസ്‌പിയെ പല മാർഗത്തിൽ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി അൻവർ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമ രാഹിത്യത്തിൻ്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎല്‍എ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷൻ, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അറിയിച്ചു. ഇതിനു പിന്നാലെയാണ് അൻവർ ഇപ്പോൾ പരിഹാസവുമായി രംഗത്ത് എത്തിയത്.

More Stories from this section

family-dental
witywide