നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും തള്ളി പറഞ്ഞിട്ടും രോഷം മാറാതെ പി വി അൻവർ പുതിയ വിവാദത്തിൽ. മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് ഇടത് എംഎല്‍എ ഇന്ന് രംഗത്തെത്തിയത്. വേദിയിൽ തന്നെ ശശിന്ദ്രനും തിരിച്ചടിച്ചതോടെ സംഭവം പുതിയ തലത്തിലേക്ക് കടക്കുകയാണ്.
ശശീന്ദ്രൻ പറഞ്ഞത്
പിവി അൻവർ എംഎൽഎ വേദിയിൽ നടത്തിയ പ്രസംഗത്തിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചാണ മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയത്. ഇങ്ങനെയാണോ കാര്യങ്ങൾ പറയേണ്ടതെന്ന് അൻവർ തന്നെ ആലോചിക്കട്ടെയെന്ന് മന്ത്രി വിമർശിച്ചു. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖം തോന്നുകയോ ചെയ്യുന്ന ആളല്ല താൻ. അതിനുമാത്രമുള്ള പക്വത ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് നേടിയിട്ടുണ്ട്. പറഞ്ഞ രീതി ശരിയാണോ എന്ന് അൻവർ ആലോചിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തെക്കാൾ പ്രായം കൂടിയത് കൊണ്ടാണ് ഉപദേശിക്കുന്നത്. പറഞ്ഞ കാര്യങ്ങളല്ല പ്രധാനം, ഇങ്ങനെയാണോ പറയേണ്ടത് എന്നതാണ്. അറിയേണ്ടതെല്ലാം മുഖ്യമന്ത്രി അറിയും. അദ്ദേഹത്തെപ്പോലെയുള്ള എംഎൽഎയ്ക്ക് അതേ ഭാഷയിൽ മറുപടി പറയാൻ താൻ ഇതുവരെ പഠിച്ചിട്ടില്ല.
അൻവറിന്റെ വിമർശനം ഇങ്ങനെ
നിലമ്പൂരില്‍ വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി എ.കെ.ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടുള്ള അൻവറിന്റെ വിമര്‍ശനം. വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ 20 ശതമാനം വോട്ട് എല്‍ഡിഎഫിന് കുറഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും എംഎല്‍എ പറഞ്ഞു. വരച്ച വരയിൽ ഉദ്യോഗസ്ഥരെ നിർത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. താൻഅപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെയെന്നും പി.വി.അൻവർ പറഞ്ഞു. സോഷ്യല്‍ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. വനത്തില്‍ ആര്‍ക്കും പ്രവേശനമില്ല. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല. കെ സുധാകരന്‍ വനം മന്ത്രിയായിട്ട് ഒന്നും ശരിയായില്ല. പിന്നല്ലെ പാവം ശശീന്ദ്രന്‍ വിചാരിച്ചിട്ടെന്നും അന്‍വര്‍ പറഞ്ഞു.