തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിന് സ്ഥാനചലനം സംഭവിച്ചതിനു പിന്നാലെ പ്രതികരണവുമായി പി.വി അന്‍വര്‍ എംഎല്‍എ. അജിത് കുമാറിന്റെ തലയില്‍ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അന്‍വറെന്നാ സിഎമ്മേ എന്ന് ഫേയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടുകൊണ്ടാണ് എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ പ്രതികരിച്ചത്.
അതേസമയം, എം.ആര്‍.അജിത് കുമാര്‍ പൊലീസ് ബറ്റാലിയന്റെ ചുമതല തുടരും. എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയെന്നാണ് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയത്.
മഞ്ചേരിയില്‍ ശക്തി തെളിയിച്ച്, രാഷ്ട്രീയ പാര്‍ട്ടിക്ക് പകരം അന്‍വര്‍ സാമൂഹിക കൂട്ടായ്മ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അജിത്കുമാറിനെതിരെ നടപടി എത്തിയത്.