നാടകീയ രംഗങ്ങളോടെ പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനം, നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍, ‘ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുന്നു’

ചേലക്കര: ചേലക്കരയിലെ ഹോട്ടലില്‍ എംഎല്‍എ പിവി അന്‍വര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം മറികടന്നാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ചട്ടലംഘനമാണെന്നു പറയാന്‍ വന്ന ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയച്ചു. ചട്ടം കാണിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. നിശബ്ദ പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചതിന് അന്‍വറിന് നോട്ടിസ് നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പിനായി മുന്നണികള്‍ തുക ചെലവാക്കിയതില്‍ കമ്മിഷന്‍ നടപടി എടുക്കുന്നില്ല എന്നതിനെക്കുറിച്ച് സംസാരിക്കാനായിരുന്നു അന്‍വറിന്റെ വാര്‍ത്താസമ്മേളനം. കോളനികളില്‍ ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ”തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോടു പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നതെന്ന് അറിയില്ല. രാവിലെതന്നെ പൊലീസ് വന്ന് സ്റ്റാഫിനെയും ഹോട്ടലുകാരെയും ഭീഷണിപ്പെടുത്തുന്നു. ചെറുതുരുത്തിയില്‍നിന്ന് 19 ലക്ഷം രൂപ പിടിച്ചെടുത്തു. മരുമകനല്ലേ അവിടെ ക്യാംപ് ചെയ്യുന്നത്. അവിടെനിന്നല്ലേ ഈ പണം മുഴുവന്‍ ഒഴുകിയത്. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി പണം കൂടി വച്ചാണ് കോളനികളില്‍ വിതരണം ചെയ്യുന്നത്” അന്‍വറിന്റെ വാക്കുകള്‍.

വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ച അന്‍വര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക എന്ന് പറയുന്നത് 40 ലക്ഷം രൂപയാണ്. എന്നാല്‍ മൂന്ന് മുന്നണികളും കൂടി ചെലക്കരയില്‍ ചെലവാക്കിയത് 36 കോടി രൂപയാണ്. ഈ മണ്ഡലത്തില്‍ ആരും ജയിക്കില്ലെന്നും കോടതിയില്‍ പോകുമെന്നും അന്‍വര്‍ പറഞ്ഞു. ബൂത്ത് തിരിച്ച് ഓരോ പാര്‍ട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide