പി വി സിന്ധുവിന് മാംഗല്യം : വരന്‍ ഹൈദരാബാദ് സ്വദേശി, വിവാഹം ആഴ്ചകള്‍ക്കുള്ളില്‍

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒളിംപിക്സ് മെഡല്‍ ജേതാവുമായ പി വി സിന്ധു വിവാഹിതയാകുന്നു. പോസിഡെക്‌സ് ടെക്‌നോളജീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കട ദത്ത സായി ആണ് വരന്‍. മാത്രമല്ല, സോര്‍ ആപ്പിള്‍ അസറ്റ് മാനേജ്‌മെന്റിന്റെ സഹ-ഉടമയും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. വിവാഹം ഈ മാസം 22 ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാണ് നടക്കുക.

ഡിസംബര്‍ 20 ന് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കമെന്നും ജനുവരി മുതല്‍ സിന്ധുവിന്റെ ഷെഡ്യൂള്‍ തിരക്കേറിയതായതിനാലാണ് വിവാഹം വളരെ പെട്ടെന്ന് നടത്തുന്നതെന്നും സിന്ധുവിന്റെ പിതാവ് പി വി രമണ പി ടി ഐയോട് പറഞ്ഞു.

‘ഇരു കുടുംബങ്ങള്‍ക്കും പരസ്പരം അറിയാമായിരുന്നു, എന്നാല്‍ ഒരു മാസം മുമ്പാണ് ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. ജനുവരി മുതല്‍ സിന്ധുവിന് തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ വിവാഹം ഡിസംബറില്‍ തന്നെ നടത്തണം. അതുകൊണ്ടാണ് ഡിസംബര്‍ 22 ന് ഇരു കുടുംബങ്ങളും വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്,’ പി വി രമണ പറഞ്ഞു.

ഡിസംബര്‍ 24 ന് ഹൈദരാബാദിലാണ് റിസപ്ഷന്‍. വിവാഹത്തിന് ശേഷം ഉടന്‍ തന്നെ പരിശീലനം ആരംഭിക്കും എന്നും പിതാവ് വ്യക്തമാക്കി. മുന്‍ ലോകചാമ്പ്യനായ സിന്ധു ഇന്ത്യയ്ക്കായി രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയിട്ടുണ്ട്. റിയോ ഒളിംപിക്സ് 2016, ടോക്കിയോ ഒളിംപിക്സ് 2020 എന്നിവയില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടുകയും 2017-ല്‍ കരിയറിലെ ഉയര്‍ന്ന ലോക റാങ്കിംഗായി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുള്ള സിന്ധു ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ്.

നിലവില്‍ വനിതാ ബാഡ്മിന്റണില്‍ 18-ാം റാങ്കിലാണ് 29 കാരിയായ സിന്ധു. 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പിലാണ് താരം. വിരമിക്കല്‍ വാര്‍ത്തകളെ തള്ളിയ സിന്ധു കുറച്ച് നാള്‍ കൂടി കളിക്കളത്തിലുണ്ടാകും എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide