വെടിനിര്‍ത്തല്‍ ചര്‍ച്ച എങ്ങുമെത്തിയില്ല, ബന്ദി മോചനവും, പോരാത്തതിന് വിമര്‍ശനങ്ങളും ; ഗാസ യുദ്ധത്തിലെ മധ്യസ്ഥത ഖത്തര്‍ ഒഴിഞ്ഞേക്കും

ന്യൂഡല്‍ഹി: ഇസ്രയേലിനും ഹമാസിനുമിടയില്‍ മധ്യസ്ഥനെന്ന നിലയില്‍ ഖത്തര്‍ തങ്ങളുടെ പങ്ക് പുനര്‍നിര്‍ണയിക്കുകയാണെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. ഇത് വെടിനിര്‍ത്തലിനുള്ള സാധ്യതകളെക്കുറിച്ചും ബന്ദികളുടെ തിരിച്ചുവരവിനെക്കുറിച്ചുമുള്ള ആശങ്ക ഇരട്ടിയാക്കുന്നു.

ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ മാരകമായ ആക്രമണം ഗാസയ്ക്കെതിരായ അതിമാരകമായ പ്രതികാരത്തിന് കാരണമായത് മുതല്‍, ഖത്തര്‍ ഇരുകൂട്ടര്‍ക്കമിടയില്‍ മധ്യസ്ഥത വഹിച്ചുപോന്നിരുന്നു. എന്നാല്‍ മാസങ്ങള്‍ നീണ്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വിജയംകാണാത്തതും ഖത്തര്‍ ഇസ്രയേലില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഖത്തര്‍ നിര്‍ണായകമായ നിലപാടിലേക്ക് നീങ്ങുന്നത്. മധ്യസ്ഥത വഹിക്കുന്നതില്‍ തങ്ങളുടെ പങ്കിനെക്കുറിച്ച് ‘പൂര്‍ണ്ണമായ പുനര്‍മൂല്യനിര്‍ണ്ണയത്തിന്’ സമയമായെന്ന് പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയായിരുന്നു.

ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി വിദേശകാര്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മധ്യസ്ഥന്റെ റോളില്‍ നിന്നും പിന്മാറുന്ന വിവരം ഖത്തര്‍ വെളിപ്പെടുത്തിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടക്കം മുതല്‍ ഖത്തറിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം അമേരിക്കന്‍ പാര്‍ലമെന്റ് അംഗം സ്റ്റെനി ഹോയറും ഖത്തറിനെതിരെ പ്രസ്താവനയിറക്കിയതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ഖത്തറിനെ തരംതാഴ്ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരയാണ് ഖത്തറെന്ന് ഒരു വ്യക്തിയുടെയും പേര് പറയാതെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നതില്‍ നിന്നും പിന്മാറിയാല്‍ ഗസ്സയിലെ സമാധാന ശ്രമങ്ങള്‍ വഴി മുട്ടും. ഇതോടെ ഗാസയിലെ ജനങ്ങളുടെയും യുദ്ധത്തിന്റെയും ഗതിതന്നെ മാറിയേക്കാം.