നീറ്റ്-യുജി: ഫിസിക്സ് ചോദ്യത്തിന് ശരിയുത്തരം കണ്ടെത്താൻ ഡൽഹി ഐഐടിയോട് സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ്–യുജി ചോദ്യപ്പേപ്പർ ചോർച്ച കേസിൽ തർക്കമുള്ള ഫിസിക്സ് പേപ്പറിലെ 29–ാം നമ്പർ ചോദ്യത്തിന് ഐഐടി ഡൽഹിയിലെ വിദഗ്ധരോട് ശരിയായ ഉത്തരം കണ്ടെത്താൻ സുപ്രീം കോടതി നിർദേശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശരിയുത്തരം കോടതിയെ അറിയിക്കണം. ഈ ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവർക്ക് ഗ്രേസ് മാർക്ക് നൽകിയത് പുനഃപരിശോധിക്കും.

പഴയ എൻസിഇആർടി പുസ്തകത്തിൽ ഉത്തരം തെറ്റായാണ് രേഖപ്പെടുത്തിയത് എന്നതിന്റെ അടിസ്ഥാനത്തിൽ ദേശീയ പരീക്ഷ ഏജൻസി(എൻടിഎ)യ്ക്ക് പലരും നിവേദനങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചത്. രണ്ടാമത്തെ ഉത്തരം തെറ്റാണെന്നു വിദഗ്ധർ മറുപടി നൽകിയാൽ അത് 4.20 ലക്ഷം വിദ്യാർഥികളെ ബാധിക്കും. നാലുമാർക്ക് നഷ്ടമാകുന്നതിനൊപ്പം നെഗറ്റീവ് മാർക്കും ഇവർക്ക് ലഭിക്കും.

കേസിൽ സുപ്രീം കോടതി വാദം കേൾക്കുന്നതു തുടരും. എൻടിഎയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം കേട്ടതിനുശേഷം പരീക്ഷ വീണ്ടും നടത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ പരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ചോദ്യപേപ്പർ വ്യാപകമായി ചോർന്നെന്ന കാര്യം തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ല. പട്നയിൽ ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായി എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മറ്റിടങ്ങളിൽ ഇത് ചോർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഹർജിക്കാർക്ക് തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

More Stories from this section

family-dental
witywide