
വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. വീഡിയോ സന്ദേശത്തിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചത്. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പിനു ശേഷം ടെന്നീസ് കോര്‍ട്ടിനോട് വിട പറയുമെന്ന് താരം അറിയിച്ചു.
22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാലിനെ കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കാറ്. ടെന്നീസിലെ എക്കാലത്തേയും മികച്ച താരമാണ് റാഫേല്‍ നദാല്‍. റോജര്‍ ഫെഡറര്‍ക്കു ശേഷം ഇത്രയേറെ ആരാധകര്‍ ആഘോഷിച്ച മറ്റൊരു കളിക്കാരന്‍ ഇല്ല.
22 ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്‍ 14 എണ്ണം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ്. പരിക്കുകള്‍ അലട്ടിയതുമൂലം അടുത്ത കാലത്തായി ഫോമിലല്ലായിരുന്നു. ഈ വര്‍ഷം നടന്ന പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ മാസം നടന്ന ലേവര്‍ കപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.
സ്‌പെയിനിനു വേണ്ടി ഡേവിസ് കപ്പില്‍ റാക്കറ്റ് ഉയര്‍ത്തുമെന്നാണ് വീഡിയോ സന്ദേശത്തില്‍ താരം ആരാധകരോട് പറയുന്നത്. 2024 ഓടെ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് പിന്മാറുമെന്ന സൂചന നദാല്‍ നേരത്തേ നല്‍കിയിരുന്നു. ഇരുപത് വയസ്സ് തികയുന്നതിനു മുമ്പ് തന്നെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ആറ് മാസ്റ്റേഴ്‌സ് മത്സരങ്ങളും ഉള്‍പ്പടെ 16 കിരീടങ്ങള്‍ നേടി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കളിമണ്‍ കോര്‍ട്ടിലെ അതികായന്‍ എന്ന ഖ്യാതി സ്പാനിഷ് താരം സ്വന്തമാക്കി. 2008 വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായി. അതൊരു തുടക്കമായിരുന്നു.
2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ പുരുഷ സിംഗിള്‍സ് സ്വര്‍ണം നേടി. 2010 യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തുമ്പോള്‍ നദാലിന് പ്രായം 24. ഓപ്പണ്‍ എറയില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു നദാല്‍. അതേ വര്‍ഷം മൂന്ന് വ്യത്യസ്ത പ്രതലങ്ങളില്‍ (ഹാര്‍ഡ് കോര്‍ട്ട്, പുല്‍ കോര്‍ട്ട്, കളിമണ്‍ കോര്‍ട്ട്) പ്രധാന കിരീടങ്ങള്‍ നേടുന്ന ആദ്യ താരവുമായി.