തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം, വയനാട് ജില്ലാ സെക്രട്ടറിമാരെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് വി ജോയി തുടർന്നപ്പോൾ വയനാട് തുടരുമെന്ന് പ്രതീക്ഷിച്ചിരുന്ന പി ഗഗാറിനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തി യുവ നേതാവ് കെ റഫീഖ് അമ്പരപ്പിച്ചു. അപ്രതീക്ഷിതമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന റഫീക്ക് ഇനി ജില്ലയിലെ പാർട്ടിയെ നയിക്കും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീഖിനെ പിന്തുണയ്ക്കുകയായിരുന്നു. വോട്ടെടുപ്പില്‍ 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീഖ്സെ ക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗഗാറിന് പതിനൊന്ന് വോട്ടാണ് ലഭിച്ചത്. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ ആയുധമാക്കിയിരുന്നു.
എന്നാൽ സമ്മേളം ഐകകണ്ഠ്യനേയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളായി ഇപി ജയാജനും പികെ ശ്രീമതിയും മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കമ്മറ്റി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികള്‍ എല്ലാ ഐകകണ്ഠ്യനേയാണ് തെരഞ്ഞെടുത്തതെന്ന് നേതാക്കൾ വിവരിച്ചു.
തിരുവനന്തപുരത്ത് ജോയി തന്നെ, മേയർ അടക്കം 8 പുതുമുഖങ്ങൾ
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും വർക്കല എംഎൽഎയുമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
46 അംഗ ജില്ലാ കമ്മിറ്റിയിൽ എട്ടംഗങ്ങൾ പുതുമുഖങ്ങളാണ്. വികെ പ്രശാന്ത്, ജി സ്റ്റീഫൻ, ഒഎസ് അംബിക, ആര്യ രാജേന്ദ്രൻ, ആർപി ശിവജി, ശ്രീജ ഷൈജു ദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങൾ. ജില്ലാ കമ്മിറ്റിയിൽ നിന്ന് എഎ റഹീം എംപി, അനാവൂർ നാഗപ്പൻ എന്നിവർ സ്ഥാനമൊഴിഞ്ഞു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.