
ഇസ്ലാമാബാദ്: യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനു പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി പ്രശസ്ത പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍. ഒരു ഉസ്താദും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നും വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്താല്‍ അധ്യാപകര്‍ ശിക്ഷിക്കുമെന്നും നല്ലത് ചെയ്താല്‍ അവരെ സ്നേഹം കൊണ്ടും പ്രശംസ കൊണ്ടും വീര്‍പ്പുമുട്ടിക്കുമെന്നുമാണ് രഹത്തിന്റെ വിശദീകരണം.
പാക് സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത പ്രകാരം യുവാവിനെ ചെരുപ്പ് കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയും പിന്നീട് പിടിച്ചുവലിച്ച് താഴെയിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദ്ദനമേറ്റ യുവാവ് അലിഖാന്റെ ജോലിക്കാരനാണെന്നാണ് വിവരം. ഒരു ബോട്ടിലുമായി ബന്ധപ്പെട്ടാണ് അലിഖാന്‍ യുവാവിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നും അടിക്കരുതെന്നും ഇയാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി രഹത്ത് രംഗത്തുവന്നു. തന്റെ വിദ്യാര്‍ത്ഥിയോട് മാപ്പ് ചോദിച്ചെന്നും അലിഖാന്‍ വിശദീകരണ വിഡിയോയില്‍ പറയുന്നു. പുണ്യവെള്ളം സൂക്ഷിച്ച ബോട്ടില്‍ വെച്ച സ്ഥലത്ത് കാണാതായതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതെന്നും അദ്ദേഹം തനിക്ക് അച്ഛനെ പോലെയാണെന്ന് മര്‍ദനമേറ്റ യുവാവ് പ്രതികരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.