
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് നടിയും മണ്ഡി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രീയത്തിന് യോഗ്യരല്ലെന്നാണ് കങ്കണ പറയുന്നത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുലിനെയും പ്രിയങ്കയേയും കടന്നാക്രമിച്ച് കങ്കണ സംസാരിച്ചത്.
രാഹുലിനെയും സഹോദരി പ്രിയങ്കയേയും അമ്മ സോണിയാ ഗാന്ധി നിര്‍ബന്ധിച്ച് രാഷ്ട്രീയത്തിലേക്ക് ഇറക്കിയതാണെന്നും രാഷ്ട്രീയത്തില്‍ തുടരാന്‍ അമ്മ അവരെ പീഡിപ്പിക്കുകയാണെന്നും കങ്കണ പറഞ്ഞു.
രാഹുല്‍ ഗാന്ധി അതിമോഹിയായ ഒരു അമ്മയുടെ ഇരയാണെന്നും ‘3 ഇഡിയറ്റ്സ്’ എന്ന സിനിമയില്‍ നമ്മള്‍ കണ്ടതുപോലെ, കുട്ടികള്‍ തന്നെ പരിവാര്‍വാദത്തിന്റെ ഇരകളാകുന്നുവെന്നും അതുപോലെയാണ് രാഹുല്‍ ഗാന്ധിയുടെ അവസ്ഥയെന്നും അവര്‍ പരിഹസിച്ചു. രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും രാഷ്ട്രീയത്തില്‍ തുടരാന്‍ നിര്‍ബന്ധിക്കാതെ സ്വന്തം ജീവിതം നയിക്കാന്‍ അനുവദിക്കണമായിരുന്നുവെന്നും കങ്കണ വിമര്‍ശിച്ചു. 50 വയസ്സിന് മുകളിലാണെങ്കിലും രാഹുല്‍ ഗാന്ധി എല്ലായ്‌പ്പോഴും ഒരു യുവനേതാവായി കണക്കാക്കപ്പെടുന്നുവെന്നും രാഹുല്‍ സമ്മര്‍ദ്ദത്തിലാണെന്നും കങ്കണ അഭിപ്രായപ്പെട്ടു. രാഷ്ട്രീയമല്ലാതെ മറ്റൊരു തൊഴില്‍ രാഹുല്‍ തിരഞ്ഞെടുക്കണമായിരുന്നെന്നും അഭിനയത്തില്‍ ഒരു കൈ നോക്കാമായിരുന്നെന്നും കങ്കണ പറഞ്ഞു.