ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യഥാക്രമം അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണമെന്നും ഇരുവരും തീർച്ചയായും വിജയിക്കുമെന്നതിൽ തനിക്ക് സംശയമില്ലെന്നും മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“രാഹുലും പ്രിയങ്കയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണം. അവിടെ നിന്ന് മത്സരിക്കാത്തത് ബലഹീനതയുടെ ലക്ഷണമാകും. അവർ വിജയിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.”
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെ, ഉത്തർപ്രദേശിൽ നിന്നുള്ള 17 സ്ഥാനാർത്ഥികളിൽ 13 പേരെയും കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. റായ്ബറേലി, അമേഠി പാർലമെൻ്റ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്.
മറ്റ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ അന്തിമമാക്കിയിട്ടുണ്ടെന്നും എന്നാൽ അമേഠി, റായ്ബറേലി സീറ്റുകളെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നുമാണ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ച ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞത്.
അമേഠിയും റായ്ബറേലിയും ഒരുകാലത്ത് നെഹ്‌റു-ഗാന്ധി കുടുംബത്തിൻ്റെ കോട്ടകളായിരുന്നു. 2002 മുതൽ പാർലമെൻ്റിൽ അമേഠിയെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടു. മുൻ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ കേരളത്തിലെ വയനാട്ടിൽ നിന്നുള്ള എംപിയാണ്. അമേഠിയിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇക്കുറിയും പാർട്ടി അദ്ദേഹത്തെ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
2004 മുതൽ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സോണിയ ഗാന്ധിയായിരുന്നു. എന്നാൽ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സോണിയ തീരുമാനിക്കുകയും രാജ്യസഭയിലേക്ക് മാറുകയും ചെയ്തു.
സോണിയയുടെ അഭാവത്തിൽ, എഐസിസ) ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രയെ റായ്ബറേലിയിൽ നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അടുത്തിടെ മണ്ഡലത്തിലും പ്രിയങ്കയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.