അതേ രാഹുല്‍ അതേ തീരുമാനം…5 കോടിയല്ല, മറ്റ് പരിശീലകരെപ്പോലെ എനിക്കും 2.5 കോടി മതി

2018ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ നിര്‍ണായകമായ ഒരു തീരുമാനം എടുത്തു. തനിക്ക് ബിസിസിഐ നിശ്ചയിച്ച 50 ലക്ഷം എന്ന ബോണസ് തുക വേണ്ടെന്നും സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്ന തുക തന്നെ തനിക്കും മതിയെന്നും പറഞ്ഞു. ഇതോടെ സപ്പോര്‍ട്ട് സ്റ്റാഫിന് 20 ലക്ഷം എന്ന തുക തിരുത്തി 25 ലക്ഷമാക്കി, രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തുല്യതുക നല്‍കുന്ന നിര്‍ണായക തീരുമാനം ബിസിസിഐ സ്വീകരിക്കുകയും ചെയ്തു.

ഇന്നിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കപ്പേന്തിയപ്പോള്‍ 125 കോടിയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാല്‍ അതേ രാഹുല്‍ അതേ നിലപാടുമായി വീണ്ടും ഞെട്ടിച്ചു. ഇപ്പോഴും രാഹുല്‍ ആവശ്യപ്പെട്ടത് അതേ തുല്യത തന്നെ. രാഹുലിന് നിശ്ചയിച്ച 5 കോടിയെന്ന പാരിതോഷികം കുറയ്ക്കണമെന്നും മറ്റ് പരിശീലകര്‍ക്ക് ലഭിക്കുന്ന 2.5 കോടി മാത്രമേ തനിക്കും വേണ്ടൂ എന്നുമാണ് രാഹുല്‍ പറഞ്ഞത്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തനിക്ക് അധിക പണം വേണ്ടെന്നാണ് രാഹുലിന്റെ പക്ഷം. തന്റെ നിസ്വാര്‍ത്ഥമായ ശൈലികൊണ്ട് വീണ്ടും വീണ്ടും കയ്യടിനേടുകയാണ് രാഹുല്‍ദ്രാവിഡ്.

ടി20 ഫൈനലില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയതിന് പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച 125 കോടി എന്ന പാരിതോഷികം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രാഹുല്‍ എന്ന പരിശീലകനെയാണ് അപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ അഭിനന്ദിച്ചതെങ്കില്‍ ഇപ്പോള്‍ കയ്യടി നല്‍കുന്നത് തുല്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ധീരമായ തീരുമാനത്തിന്റെ പേരിലാണ്.

More Stories from this section

family-dental
witywide