ആളിക്കത്തി വോട്ടിംഗ് യന്ത്ര ചര്‍ച്ചകള്‍; ഇലോണ്‍ മസ്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി, ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ “ബ്ളാക് ബോക്സ്” പോലെയെന്നും രാഹുല്‍

ന്യൂഡല്‍ഹി:  ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പില്‍ മുഖ്യ പങ്കുവഹിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ(ഇവിഎം)ക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ഇന്ന് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. അതിനെ പിന്തുണക്കുന്ന പോസ്റ്റുമായാണ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നത്. മുംബായ് നോര്‍ത്ത് വെസ്റ്റ് ലോക്സഭാ സീറ്റില്‍ 48 വോട്ടിന് വിജയിച്ച ശിവസേന എം.പിയുടെ സഹായിയുടെ ഫോണ്‍ ഉപയോഗിച്ചാണ് വോട്ടിംഗ് യന്ത്രം തുറന്നതെന്ന മാധ്യമ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ എക്സിലെ പോസ്റ്റെങ്കിലും ഇലോണ്‍ മസ്ക് പറഞ്ഞതിനെ പിന്തുണക്കുന്നതായിരുന്നു ഇത്.

എക്സിലെ ഒരു പോസ്റ്റില്‍, ‘ഇന്ത്യയിലെ ഇവിഎമ്മുകള്‍ ഒരു ‘ബ്ലാക്ക് ബോക്സ്’ ആണ്, അത് പരിശോധിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു’ എന്നാണ് രാഹുല്‍ കുറിച്ചത്.

എക്‌സിലെ ഒരു പോസ്റ്റില്‍, ഇവിഎമ്മുകള്‍ മനുഷ്യരോ എ.ഐയോ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ അവ ഇല്ലാതാക്കണമെന്നും പഴയപോലെ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും മസ്‌ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മസ്‌കിന്റെ ആരോപണം ശരിയല്ലെന്നും ‘സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ് വെയറുകള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണെന്നും മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന അമേരിക്കയുടെ അല്ലെങ്കില്‍ മറ്റിടങ്ങളിലെ ഇവിഎമ്മിനെ സംബന്ധിച്ച്, ഇലോണ്‍ മസ്‌കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം. എന്നാല്‍, ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണ്.’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. എന്നാലിതിന് മറുപടി നല്‍കിയ മസ്‌ക് ‘എന്തും ഹാക്ക് ചെയ്യാമെന്നും’ പറഞ്ഞിരുന്നു. ഈ ചര്‍ച്ചകള്‍ക്കിടയിലാണ് ഇ.വി.എമ്മിനെതിരെ ഉയരുന്ന ആശങ്കകള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയത്. മസ്കിന്റെ പ്രസ്താവനയെ പിന്തുണയക്കുകയും ചെയ്തു. 

അതേസമയം, രൂക്ഷമായ വിവാദങ്ങള്‍ക്കിടയില്‍, ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ ടെസ്ല സിഇഒ മസ്‌കിനെ വെല്ലുവിളിച്ച് രംഗത്തെത്തി. മാത്രമല്ല, രാഹുല്‍ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ‘ഇലോണ്‍ മസ്‌ക്കോ ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് കരുതുന്ന മറ്റാരെങ്കിലുമോ, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപക്കണം. എന്നാല്‍ രാഹുല്‍ ഗാന്ധി എന്തിനാണ് മസ്‌കിനോട് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പരാതിപ്പെടുന്നത്? മസ്‌കിന് എന്ത് ചെയ്യാന്‍ കഴിയും? അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഡിഎന്‍എയുടെ ഭാഗമായ ലോകത്തിന് മുന്നില്‍ കരയുന്നതിലൂടെ ഇന്ത്യയെ അവഹേളിക്കുകയാണോ? എന്നുമായിരുന്നു അമിത് മാളവ്യയുടെ ചോദ്യം.

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഭരണകക്ഷിയായ ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, ഇവിഎമ്മുകള്‍ 100% സുരക്ഷിതമാണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നല്‍കിയ മറുപടി.