
വയനാട്ടിലെ ദുരന്ത മുഖത്ത് ആശ്വാസമേകാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ എത്തും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് സന്ദർശനം നാളത്തേക്ക് ക്രമീകരിച്ചിരിക്കുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഇന്നലെ തന്നെ രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ചിരുന്നു. സാധ്യമായ എല്ലാ ഇടപെടലുകളും താൻ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കേന്ദ്രം കൂടുതൽ സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. മുണ്ടക്കൈ ഗ്രാമം ഒലിച്ചുപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും വയനാട് മുന്‍ എം പി കൂടിയായ രാഹുൽ ആവശ്യപ്പെട്ടിരുന്നു.