
ശ്രീനഗർ: രാഹുൽ ഗാന്ധി എപ്പോഴാണ് വിവാഹം കഴിക്കുക? ആ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഏറ്റവും ഒടുവിലായി ആ ചോദ്യം ഇന്ന് ഉയർന്നത് ശ്രീനഗറിലാണ്. ഇവിടുത്തെ വിദ്യാർത്ഥിനികളായിരുന്നു ആ ചോദ്യം ഉന്നയിച്ചത്. വർഷങ്ങളായി തുടരുന്ന ഉത്തരം തന്നെ രാഹുൽ ആവർത്തിച്ചു. ‘ശരിയായ പെൺകുട്ടി വരുമ്പോൾ’ ഞാൻ വിവാഹം കഴിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി.
‘ഞാൻ പാർട്ടിയെ വിവാഹം കഴിച്ചു, പാർട്ടി പ്രവർത്തനത്തിലാണ് ഇപ്പോൾ പൂർണ്ണ ശ്രദ്ധ നൽകുന്നത് എന്നിങ്ങനെയുള്ള സ്ഥിരം മറുപടികളും രാഹുൽ നൽകി. ഏറെ ശ്രദ്ധ നേടിയ വെള്ള ടീ ഷർട്ട് ധരിച്ചായിരുന്നു രാഹുലും വിദ്യാർത്ഥികളും തമ്മിലുള്ള സംഭാഷണം. രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ രാഹുലും വിദ്യാർഥികളും സംവധിച്ചു.
വിവാഹത്തെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രീനഗറിലെ ഒരു വിദ്യാർത്ഥി ഇന്ത്യൻ പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ‘ഞാൻ 20-30 വർഷമായി ആ സമ്മർദ്ദത്തെ അതിജീവിച്ചു, അനുയോജ്യമായ ആൾ വരുമ്പോൾ അതു നടക്കും’ – എന്നായിരുന്നു 54 കാരനായ രാഹുലിന്റെ മറുപടി. തുറന്ന ഗ്രൗണ്ടിൽ വിദ്യാർത്ഥികളുമായി ഒരു മേശയ്ക്ക് ചുറ്റും ഇരുന്നായിരുന്നു സംവാദം. മുഖത്ത് വലിയ പുഞ്ചിരിയോടെ മറുപടി പറഞ്ഞ രാഹുൽ, വിവാഹം നല്ല കാര്യമാണെന്നും അഭിപ്രായപ്പെട്ടു. വിവാഹത്തിനു ദയവായി ഞങ്ങളെ ക്ഷണിക്കണം എന്ന അഭ്യർത്ഥന വന്നപ്പോൾ ‘ഉറപ്പായും’ ക്ഷണിക്കാം എന്നായിരുന്നു രാഹുലിന്റെ മറുപടി.