
ഡൽഹി: എക്സിറ്റ് പോളിന്‍റെ മറവിൽ ഓഹരി വിപണിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയത് വമ്പൻ അഴിമതിയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ മറുപടിയുമായി ബി ജെ പി. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്നുള്ള നിരാശയാണ് രാഹുൽ ഗാന്ധിക്കെന്നാണ് ബി ജെ പി വക്താവ് പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടത്. രാഹുൽ ഗാന്ധി വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ്. ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വസ്ഥയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ രാഹുലിന്‍റെ ആരോപണങ്ങൾ വിലപ്പോവില്ലെന്നും പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ആരോപണം ഇപ്രകാരം
എക്സിറ്റ് പോളിന്‍റെ മറവിൽ ഓഹരി വിപണിയിൽ നടന്നത് വൻ അഴിമതിയാണെന്നും മോദിക്കും ഷായ്ക്കും പങ്കുണ്ടെന്നുമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ ആരോപണം. ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് സ്റ്റോക്കുകൾ വാങ്ങിവെക്കാൻ മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നാണ് രാഹുലിന്‍റെ ആരോപണം. എന്നാൽ ജൂൺ 1 ന് വ്യാജ എക്സ്റ്റിറ്റ് പോൾ വരികയും ജൂൺ 4 ന് ഓഹരി വിപണയിൽ കോടികളുടെ നഷ്ടവും ഉണ്ടായെന്നും രാഹുൽ ചൂണ്ടികാട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജോയിന്‍റ് പാർലിമെന്റ് സമിതി (ജെ പി സി) അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.നടന്നത് സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും വലിയ അഴിമതിയാണ്. നിക്ഷേപകർ വഞ്ചിക്കപ്പെട്ടു. എക്സിറ്റ് പോൾ തെറ്റാണെന്ന് നരേന്ദ്രമോദിക്ക് അറിയായിരുന്നു. എന്നിട്ടാണ് ഓഹരി വിപണിയിൽ തട്ടിപ്പ് നടത്താൻ നേതൃത്വം നൽകിയത്. ഓഹരി വിപണിയിലെ ഈ അഴിമതി കാരണം ഇന്ത്യയിലെ സാധാരണക്കാർക്ക് കോടികൾ നഷ്ടമായെന്നും ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ അഭിപ്രായപ്പെട്ടു. 30 ലക്ഷം കോടിയുടെ നഷ്ടമാണ് മാർക്കറ്റിൽ ഉണ്ടായത്. മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്സിറ്റ് പോൾ നടത്തിയവർക്കും എതിരെ അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.