നരേന്ദ്ര മോദിയേയും ബിജെപിയേയും ആര്‍എസ്എസിനേയും കടന്നാക്രമിച്ച് യുഎസില്‍ എത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളില്‍ നിലനിന്നിരുന്ന ഭയാശങ്കകള്‍ ഇപ്പോള്‍ അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വിര്‍ജീനിയയിലെ ഹെര്‍ണ്ടണില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ മോദിയും ആര്‍എസ്എസും നിറഞ്ഞത്.
രാഹുലിന്റെ വാക്കുകള്‍
ചില സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ താഴ്ന്നതാണെന്നാണ് ആര്‍എസ്എസ് പറയുന്നത്. ചില ഭാഷകള്‍ മറ്റു ഭാഷകളേക്കാള്‍ താഴ്ന്നതാണെന്നും, ചില മതങ്ങള്‍ മറ്റു മതങ്ങളേക്കാള്‍ താഴെയാണെന്നും, ചില സമുദായങ്ങള്‍ മറ്റു സമുദായങ്ങളേക്കാള്‍ താഴ്ന്നതാണെന്നും അവര്‍ പറയുന്നു. നിങ്ങള്‍ പഞ്ചാബില്‍ നിന്നോ ഹരിയാനയില്‍ നിന്നോ രാജസ്ഥാനില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ ആകട്ടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ചരിത്രവും പാരമ്പര്യവും ഭാഷയുമുണ്ട്. ഓരോ മനുഷ്യരും പ്രാധാന്യമുള്ളവരാണ്. തമിഴ്, മണിപ്പുരി, മറാഠി, ബംഗാളി എന്നിവ താഴ്ന്ന ഭാഷകളാണെന്നതാണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം. ആര്‍എസ്എസിനു മാത്രമല്ല ബിജെപിക്കും ഇന്ത്യയുടെ ബഹുസ്വരത മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ ഒരു യൂണിയനാണ്. ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ അല്ലെങ്കില്‍ ഭാരതം എന്നുപറയുന്നത് സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്ന്. ഭിന്ന ചരിത്രങ്ങളും പാരമ്പര്യവും സംഗീതവും നൃത്തവും ഈ യൂണിയനില്‍ ഉള്‍പ്പെട്ടിരിക്കുന്നു. എന്നിട്ടും അവര്‍ ഇതിനെ ഒരു യൂണിയനായി കാണുന്നില്ലെങ്കില്‍ അത് വ്യത്യസ്തമാണ്. നിങ്ങള്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായാലും, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളുടെ ചരിത്രവും പാരമ്പര്യവും ഭാഷയുമുണ്ട്. അവയില്‍ ഓരോന്നും മറ്റൊന്ന് പോലെ പ്രധാനമാണ്.
ബിജെപിക്കും ആര്‍എസ്എസിനും പ്രധാനമന്ത്രിക്കുമെതിരെ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം എത്തുന്നത്. ഈ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ പ്രധാനമന്ത്രി മോദിയോടും ബി ജെ പിയോടും ഉള്ള ഭയം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് തെളിഞ്ഞെന്ന് ഇന്നലെ അദ്ദേഹം ടെക്‌സസിലെ ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.