
അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിയുടെ ദില്ലിയിലടക്കമുള്ള നിലപാട് എന്താണെന്ന് ചൂണ്ടികാട്ടിയാണ് മോദിയുടെ വിമർശനം. കേരളത്തിന് പുറത്ത് കേന്ദ്ര ഏജൻസികളെ കുറ്റം പറയുകയാണ് രാഹുൽ ചെയ്യാറുള്ളത്. എന്നാൽ കേരളത്തിലെത്തുമ്പോൾ രാഹുൽ, കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ജയിലടക്കുന്നില്ലെന്ന് പറയും. ഇത് ഇരട്ടത്താപ്പാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും മോദി പറഞ്ഞു.
കോൺഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ എന്തെങ്കിലും നടപടി തുടങ്ങിയാൽ മോദി തെറ്റ് ചെയ്തെന്നാണ് പറയുക. കോൺഗ്രസ് അഴിമതിക്കാരെ രക്ഷിക്കാനാണ് ഇതെല്ലാം പറയുന്നതെന്നും മോദി വിമർശിച്ചു. ത്രിപുരയിലെ ബി ജെ പി റാലിയിലായിരുന്നു മോദിയുടെ വിമർശനം. അഴിമതിക്കാരായ ആരെയും വെറുതെ വിടില്ലെന്നും ത്രിപുരയിലെ റാലിയിൽ മോദി പറഞ്ഞു.