രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനം; വിവരങ്ങൾ പങ്കുവച്ച് സാം പിട്രോഡ

ന്യൂഡൽഹി: സെപ്റ്റംബർ 8 മുതൽ 10 വരെ അമേരിക്ക സന്ദർശിക്കുന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പര്യടനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ.

ഈ സന്ദർശന വേളയിൽ ഡാളസ്, ടെക്സസ്, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികൾ, വിദ്യാർത്ഥികൾ, അക്കാദമിക് വിദഗ്ധർ, നിയമനിർമ്മാതാക്കൾ എന്നിവരുമായി രാഹുൽ ഗാന്ധി സംവാദം നടത്തും.

” രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതിനു ശേഷം, രാഹുൽഗാന്ധിയുമായി സംവാദം നടത്തണമെന്ന് ഇന്ത്യൻ പ്രവാസികൾ, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, വ്യവസായികൾ, നേതാക്കൾ, തുടങ്ങി ഒരുപാടു പേർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായ എന്നോട് നിരന്തരം അഭ്യർഥിച്ചിരുന്നു,” പിട്രോഡ ഒരു വിഡിയോ പ്രസ്താവനയിൽ പറഞ്ഞു.
“സെപ്തംബർ 8 ന് ഡാളസിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ആരംഭിക്കും, അവിടെ അദ്ദേഹം ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥികൾ, അക്കാദമിക് സ്ഥാപനങ്ങൾ, പ്രാദേശിക ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരുമായി സംവദിക്കും. അവിടെ ഇന്ത്യൻ കമ്യൂണിറ്റിയുടെ വലിയ ഒരു കൂട്ടായ്മ ഉണ്ടാകും. അവരുമായുള്ള സമ്മേളനത്തിനു ശേഷം ടെക്നോക്രാറ്റ്സുമായും ഡാളസ് പ്രദേശത്തെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും, അവരൊത്ത് അത്താഴം കഴിക്കും.” പിട്രോഡ കൂട്ടിച്ചേർത്തു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിൻ്റെ ആദ്യ അന്താരാഷ്ട്ര യാത്രയാണിത്.

സെപ്റ്റംബർ 9, 10 തീയതികളിൽ, രാഹുൽ ഗാന്ധി വാഷിംഗ്ടൺ ഡിസിയിലുണ്ടാകും, അവിടെ അദ്ദേഹം നിരവധി സമ്മേളനങ്ങളിൽ പങ്കെടുക്കും. നിരവധി പേരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ ഓവർസീസ് കോണഗ്രസിൻ്റെ പല സംസ്ഥാനങ്ങളിലെ പ്രതിനിധികൾ അദ്ദേഹത്തെ കാണും. ഇന്ത്യൻ പ്രവാസികളുടെ നിരവധി ഗ്രൂപ്പുകളുമായും സംവദിക്കും.


2023 മെയ് മാസത്തിലായിരുന്നു രാഹുൽ ഗാന്ധി അവസാനമായി യുഎസിൽ പര്യടനം നടത്തിയത്. അന്ന്, അദ്ദേഹം സിലിക്കൺ വാലിയിലെ ആയിരത്തിലധികം അംഗങ്ങളുമായി സംവദിക്കുകയും ‘ഭാരത് ജോഡോ യാത്ര’യെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും ചെയ്ത പ്രവാസി അംഗങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഇപ്പോഴത്തെ സന്ദർശനം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്.

Rahul Gandhi is set to visit USA on September 8 to 10

More Stories from this section

family-dental
witywide