‘ബിജെപി കാഴ്ചക്കാർ’; ബീഫ് കൈവശം വച്ചെന്നാരോപിച്ചുണ്ടായ മർദനത്തിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ബീഫ് കഴിച്ചുവെന്നാരോപിച്ച് മുസ്ലീങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന രണ്ട് അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന് കീഴിൽ ഭയത്തിന്റെയും നിയമരാഹിത്യത്തിന്റെയും വർദ്ധിച്ചുവരുന്ന അന്തരീക്ഷമാണ് കാണുന്നതെന്നും രാഹുൽ ഗാന്ധി ആശങ്ക പങ്കുവെച്ചു. ‌‌

കഴിഞ്ഞ ദിവസം ബീഫ് കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയും വയോധികനെ മർദിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബിജെപി സർക്കാർ ഇത്തരം വിഷയങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് അതിക്രമങ്ങൾ വീണ്ടും സംഭവിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ബീഫ് കഴിച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ വ്യാപാരിയായ 72 വയസുകാരൻ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. ‌‌മറ്റൊരു സംഭവത്തിൽ ഹരിയാനയിലെ ചാർഖി ദാദ്രിയിൽ സാബിർ മാലിക് എന്ന കുടിയേറ്റ തൊഴിലാളിയെ പശു സംരക്ഷക സംഘത്തിലെ അംഗങ്ങൾ അടിച്ചുകൊന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പ്രതികരണം.

ബിജെപി സർക്കാർ ഇത്തരം കുറ്റക്കാരെ വെറുംകയ്യോടെ വിടുകയാണ്. അതുകൊണ്ടാണ് വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രതികൾക്ക് ധൈര്യം ലഭിക്കുന്നത്. ന്യുനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം വിഭാ​ഗത്തിനെതിരായ അതിക്രമങ്ങൾ ദിനം പ്രതി ഉയരുമ്പോഴും ബിജെപി സർക്കാർ മൗനമായി അതെല്ലാം കണ്ടുനിൽക്കുകയാണ്, രാഹുൽ ​ഗാന്ധി പറഞ്ഞു. വിദ്വേഷത്തെ രാഷ്ട്രീയ ആയുധമാക്കി അധികാരത്തിന്റെ പടവുകൾ കയറിയവർ രാജ്യത്തുടനീളം ഭയത്തിന്റെ അന്തരീക്ഷം സ്ഥാപിക്കുകയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.

More Stories from this section

family-dental
witywide