ശ്രീനഗർ: ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ സഖ്യത്തിന്റെ പങ്കാളിത്തത്തോടെ തന്റെ പാർട്ടി കേന്ദ്രഭരണ പ്രദേശത്തിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. തിരഞ്ഞെടുപ്പോടെ ഇവിടെ തന്റെ പാർട്ടിയുടെ സഖ്യ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന റംബാൻ ജില്ലയിലെ ബനിഹാൽ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ സംഗൽദാനിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
കശ്മീരിൽ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഒരു രാജാവിനെ പോലെ പെരുമാറുകയാണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ജമ്മു കശ്മീരിലാണ്. ബിജെപി എവിടെ വെറുപ്പ് പടർത്തുന്നുവോ, അവിടെ നമ്മൾ സ്നേഹത്തിന്റെ കട തുറക്കും. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യം ഇവിടെ അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ബി.ജെ.പി അതിന് തയ്യാറായില്ല. ബിജെപി ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇവിടേക്ക് സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുന്നത് ഞങ്ങൾ ഉറപ്പാക്കും. അതിനായി ഇൻഡ്യാ സഖ്യത്തിന്റെ ബാനറിന് കീഴിൽ ഞങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തും,” രാഹുൽ ഗാന്ധി പറഞ്ഞു.