രാഹുൽ ഗാന്ധി അമേഠിയിൽ സ്ഥാനാർഥിയെന്ന് അഭ്യൂഹം; പ്രചാരണ ബോർഡുകൾ എത്തിക്കുന്നു

ന്യൂഡൽഹി: വയനാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. രാഹുൽ ​ഗാന്ധിയുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ മണ്ഡലത്തിലെത്തിച്ചു. കോൺ​ഗ്രസിൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവവികാസങ്ങൾ.

2004, 2009, 2014 വർഷങ്ങളിൽ അമേഠിയിൽനിന്നു ലോക്സഭാംഗമായ രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സ്മൃതിയുടെ ജയം. അതേസമയം അമേഠിയിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ വ്യാഴാഴ്ച വൈകിട്ട് കർണാടകയിൽ ചർച്ച നടത്തിയിരുന്നു. നാളെയാണ് നാമനിർദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിനം. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ പ്രിയങ്ക ഗാന്ധി ഉറച്ചുനിൽക്കുന്നതായാണ് സൂചന.

വയനാട്ടിൽനിന്നുള്ള സിറ്റിങ് എംപിയായ രാഹുൽ, അമേഠിയിൽ മത്സരിക്കാൻ ഉപാധികൾ മുന്നോട്ടുവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Rahul gandhi may contest Amethi