ലഖ്നൌ: മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട 121 പേർ മരിച്ച, ഉത്തർപ്രദേശിലെ ഹാഥ്റസ് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ രാഹുൽ ഗന്ധി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുൽ ഹാഥറസ് സന്ദർശിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് രാഹുല്‍ അലിഗഢിലെത്തി മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചത്. തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തതായി അദ്ദേഹം സന്ദര്‍ശിച്ചവരില്‍ ഒരാള്‍ പ്രതികരിച്ചു. അലിഗഢിൽ നിന്നാണ് അദ്ദേഹം ഹാഥ്റസിലേക്ക് യാത്ര തിരിച്ചത്.
അതേസമയം, ഹാഥ്റസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറു പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചടങ്ങിന്റെ സംഘാടക സമിതിയിൽ ഉണ്ടായിരുന്ന നാല് പുരുഷന്മാരും രണ്ട് സ്തീകളുമാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ ചടങ്ങിന്റെ ‘മുഖ്യ സേവദാർ’ ദേവ്പ്രകാശ് മധുകർ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വയം പ്രഖ്യാപിത ആൾദൈവമായ ജഗദ്ഗുരു സാകർ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തിൽ ഹാഥ്റസിൽ നടന്ന പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് 121 പേർ മരിച്ചത്. മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. 28 പേർക്ക് പരുക്കേറ്റു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തർപ്രദേശുകാരാണ്.