രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിനടക്കം പൊലീസിൽ പരാതി നൽകി ബിജെപി, 2 എംപിമാർക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമെന്നും അനുരാഗ് താക്കൂർ

ദില്ലി: ബി ആർ അംബേദ്ക്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് പൊലീസിൽ പരാതി നൽകി ബി ജെ പി. രാഹുൽ ഗാന്ധി വനിത എം പിയെ അപമാനിച്ചെന്നും എം പിമാരെ കയ്യേറ്റം ചെയ്തെന്നുമാണ് ബി ജെ പി നൽകിയ പരാതി. രാഹുൽ ഗാന്ധി കാരണം രണ്ട് എം പിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും പരാതി നൽകിയ ശേഷം കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വിവരിച്ചു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയതെന്നും താക്കൂർ വ്യക്തമാക്കി.

പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബി ജെ പി പരാതി നൽകിയിരിക്കുന്നത്. ഇന്ന് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുൽ ഗാന്ധിയാണെന്നും രാഹുൽ ഗാന്ധി എം പിമാരെ കൈയേറ്റം ചെയ്തെന്നും അനുരാഗ് താക്കൂർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എം പി രാജ്യസഭയിൽ പറഞ്ഞതോടെ ഇന്ന് വൻ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലൻഡിൽ നിന്നുള്ള വനിതാ എംപി ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എം പിമാരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി കിരൺ റിജിജുവും ആരോപിച്ചു.

അതേസമയം രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എം പി രംഗത്ത് വന്നു. രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബി ജെ പി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന് പ്രിയങ്ക പറഞ്ഞു.

More Stories from this section

family-dental
witywide