ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്നേഹവും ആദരവും വിനയവും നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി

വാഷിംഗ്ടണ്‍: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്നേഹവും ആദരവും വിനയവും നഷ്ടമായെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ടെക്സാസിലെ ഡാളസില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു ആശയമാണെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു. ഇന്ത്യ ആശയങ്ങളുടെ ബഹുത്വമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം യുഎസിലെ പോലെ, എല്ലാവരേയും പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എല്ലാവരെയും സ്വപ്‌നം കാണാന്‍ അനുവദിക്കണമെന്നും, ജാതി, ഭാഷ, മതം, പാരമ്പര്യം, ചരിത്രം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും ഇടം നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് സ്‌നേഹം, ബഹുമാനം, വിനയം എന്നിവയുടെ മൂല്യങ്ങള്‍ ചേര്‍ക്കുകയാണ് തന്റെ പങ്ക് എന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദി ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ വ്യക്തമായെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ഐക്യം, ഭാഷകളോടുള്ള ബഹുമാനം, മതങ്ങളോടുള്ള ബഹുമാനം, പാരമ്പര്യങ്ങളോടുള്ള ബഹുമാനം, ജാതിയോടുള്ള ബഹുമാനം എന്നിവയെല്ലാം ഭരണഘടനയിലുണ്ട്. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിലും പാര്‍ട്ടികള്‍ക്കപ്പുറവും ഇല്ലാത്തത് സ്‌നേഹവും ബഹുമാനവും വിനയവുമാണ്. ഒരു മതത്തിലോ ഒരു സമുദായത്തിലോ ഒരു ജാതിയിലോ ഒരു സംസ്ഥാനത്തിലോ ഒരു ഭാഷ സംസാരിക്കുന്നവരോടോ മാത്രമല്ല, എല്ലാ മനുഷ്യരോടും സ്‌നേഹമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.