മിസ് ഇന്ത്യ ആയവരില്‍ ദളിതരില്ലെന്ന് രാഹുല്‍ ഗാന്ധി; ‘രാഷ്ട്രപതി മുര്‍മ്മു ഗോത്രവര്‍ഗ്ഗക്കാരി, പ്രധാനമന്ത്രി പിന്നോക്കക്കാരന്‍,’ മറുപടിയുമായി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ദളിതരോ ആദിവാസികളോ ഇതുവരെ മിസ് ഇന്ത്യാ പട്ടം നേടിയിട്ടില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഇക്കാര്യം പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളന്‍ എന്ന പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാജ്യവ്യാപകമായ ജാതി സെന്‍സസ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ’90 ശതമാനം’ ജനസംഖ്യയുടെ പങ്കാളിത്തമില്ലാതെ ഇന്ത്യക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ രാഹുലിന്റെ പരാമര്‍ശത്തെ പാടെ തള്ളുകയും രാഹുലിന് ഇക്കാര്യം പറയാന്‍ കഴിയുന്നത് അദ്ദേഹത്തിന് ബാലബുദ്ധിയായതുകൊണ്ടാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിച്ചു.

മിസ് ഇന്ത്യയുടെ ലിസ്റ്റ് ഞാന്‍ പരിശോധിച്ചു, ‘ദലിത്, ആദിവാസി അല്ലെങ്കില്‍ ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍) സ്ത്രീകളില്ലാത്ത ലിസ്റ്റാണതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, ബോളിവുഡ് എന്നിവിടങ്ങളില്‍ 90 ശതമാനത്തില്‍ എത്ര പിന്നോക്കക്കാരുണ്ടെന്നും രാഹുല്‍ സംശയമുന്നയിച്ചു. ഇത് പരിശോധിക്കണമെന്ന് മാത്രമാണ് ഞാന്‍ പറയുന്നത്,- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കോണ്‍ഗ്രസ് നേതാവ് വസ്തുതാ പരിശോധന നടത്തണമെന്ന് കിരണ്‍ റിജിജു നിര്‍ദ്ദേശിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മു ഗോത്രവര്‍ഗക്കാരിയായ, രാജ്യത്തെ ആദ്യ രാഷ്ട്രപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗത്തില്‍ നിന്നുള്ള പ്രധാനമന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവര്‍ഗ സമുദായങ്ങളില്‍ നിന്നുള്ള കാബിനറ്റ് മന്ത്രിമാരും നിരവധിയാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

‘ഇപ്പോള്‍, മിസ് ഇന്ത്യ മത്സരങ്ങള്‍, സിനിമകള്‍, സ്‌പോര്‍ട്‌സ് എന്നിവയില്‍ അദ്ദേഹത്തിന് സംവരണം വേണം! ഇത് ‘ബാല ബുദ്ധി’യുടെ പ്രശ്നമാണ്, രാഹുലിനെ പ്രോത്സാഹിപ്പിക്കുന്ന ആളുകളും തുല്യ ഉത്തരവാദിത്തമുള്ളവരാണ്!’- റിജിജു പോസ്റ്റ് ചെയ്തു. ‘ബാലിശമായ ബുദ്ധി വിനോദത്തിന് നല്ലതായിരിക്കാം, എന്നാല്‍ നിങ്ങളുടെ വിഭജന തന്ത്രങ്ങളില്‍ പിന്നോക്ക സമുദായങ്ങളെ കളിയാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide