ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ എന്തിനാണ് തലകുനിച്ചതെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ ആരും സ്പീക്കറെക്കാൾ മുകളിലല്ലെന്നും അതുകൊണ്ട് ആർക്കും മുന്നിൽ സ്പീക്കർ തല കുനിക്കേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“നിങ്ങള്‍ (സ്പീക്കര്‍ ഓം ബിര്‍ള) ഷേക്ക് ഹാൻഡ് ചെയ്തപ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. എനിക്ക് കൈ നല്‍കിയപ്പോള്‍ നിങ്ങള്‍ നിവര്‍ന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ മോദിജിയുടെ കൈ കുലുക്കിയപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ തലകുനിച്ച് നിന്നു,” രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുലിന്റെ പരാമർശത്തെ പ്രതിപക്ഷ എംപിമാർ ആരവങ്ങളോടെ പിന്തുണച്ചപ്പോൾ ഭരണപക്ഷ എംപിമാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സ്പീക്കർക്കെതിരായ ആരോപണമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. എന്നാൽ രാഹുലിന്റെ ചോദ്യത്തിന് സ്പീക്കർ തന്നെ മറുപടിയുമായി എത്തി.
“ബഹുമാന്യനായ പ്രധാനമന്ത്രി ഈ സഭയുടെ നേതാവാണ്. എന്റെ സംസ്കാരത്തിലും ധാർമികതയിലും എന്നെക്കാൾ മുതിർന്നവരെ കാണുമ്പോൾ തലകുനിക്കുകയും എന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുകയും ചെയ്യുന്നു. മുതിർന്നവരെ വണങ്ങുകയും ആവശ്യമെങ്കിൽ അവരുടെ കാലിൽ തൊടുകയും ചെയ്യുക എന്നതാണ് എൻ്റെ ധാർമികത,” എന്നായിരുന്നു സ്പീക്കറുടെ മറുപടി.