ന്യൂഡല്‍ഹി: ഗൗതം അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ സംരക്ഷകയായ മാധബി പുരി ബച്ചിനെതിരെ അന്വേഷണം നടത്തണമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഗൗതം അദാനിക്കെതിരെ യുഎസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കോടീശ്വരനായ ഗൗതം അദാനിക്കെതിരായ തന്റെ ദീര്‍ഘകാല ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് സമീപകാല സംഭവവികാസങ്ങളെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മാത്രമല്ല, പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി അദാനിക്കൊപ്പം അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
‘ഇന്ത്യന്‍ നിയമങ്ങളും അമേരിക്കന്‍ നിയമങ്ങളും അദാനി ലംഘിച്ചുവെന്ന് ഇപ്പോള്‍ വളരെ വ്യക്തമായിരിക്കുകയാണ്. എന്തുകൊണ്ടാണ് അദാനി ഈ രാജ്യത്ത് ഒരു സ്വതന്ത്രനായി വിരഹിക്കുന്നതെന്ന് അത്ഭുതപ്പെടുകയാണ്. മുന്‍പ് അദാനി-മോദി കൂട്ടുകെട്ടിനെ പറ്റി പ്രതിപക്ഷം പറഞ്ഞതെല്ലാ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്’ – രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയോടൊപ്പം ഒരുമിച്ചുള്ളിടത്തോളം ഇന്ത്യയില്‍ അദാനി സുരക്ഷിതനാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അദാനിക്കെതിരെ ഇന്ത്യയില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്നും 10-15 കോടി രൂപയുടെ അഴിമതിക്കേസില്‍ മുഖ്യമന്ത്രിമാര്‍ ജയിലില്‍ കിടന്നെങ്കിലും 2000 കോടി രൂപയുടെ അഴിമതി നടത്തിയ ഗൗതം അദാനി സ്വതന്ത്രനായി നടക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
”അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണം, അദ്ദേഹത്തിന്റെ സംരക്ഷകനായ മാധബി പുരി ബുച്ചിനെ നീക്കം ചെയ്യുകയും നടപടിയെടുക്കാത്തതിന് അന്വേഷണം നടത്തുകയും വേണം,” – രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഗൗതം അദാനി അഴിമതിയില്‍ പങ്കുണ്ടെന്ന വിഷയം താന്‍ ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
സോളാര്‍ എനര്‍ജി കരാറുകള്‍ക്കായി ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ആരോപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അദാനിക്കും മോദിക്കും എതിരെ രംഗത്തെത്തിയത്.