ലഖ്‌നൗ: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇന്ത്യയുടെ നിർണായക ഘടകമായി പ്രവർത്തിച്ച ഉത്തർപ്രദേശിൽ, കോൺഗ്രസിന്റെ പ്രവർത്തകർക്ക് ഊർജവും കരുത്തും പോകരാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് രാഹുല്‍ ഉത്തര്‍പ്രദേശിലെത്തിയത്.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി സഖ്യം ചേർന്ന് സംസ്ഥാനത്ത് മിന്നും വിജയം നേടിയ രാഹുല്‍ യുപിയിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിലയിരുത്തല്‍. അമേഠിയില്‍ പരാജയപ്പെട്ടതിന് ശേഷം സംസ്ഥാനവുമായി രാഹുല്‍ കുറച്ചു നാൾ അകലം പാലിച്ചിരുന്നു. എന്നാൽ അമേഠി തിരിച്ചു പിടിക്കുകയും സോണിയ പ്രതിനിധീകരിച്ചിരുന്ന റായ്ബറേലിയിൽ മത്സരിച്ച് മികച്ച വിജയം നേടുകയും ചെയ്തതിന് പിന്നാലെ രാഹുൽ സംസ്ഥാനത്ത് സജീവമാകുകയാണ്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം യുപിയിൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയ കോൺഗ്രസ് അണികൾക്ക്, രാഹുലിന്റെ സന്ദർശനം പുതിയ ഊർജം പകരുകയാണ്.
തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ അദ്ദേഹം ‘ധന്യവാദ് സഭ’ (നന്ദിയോഗം) ക്കായി റായ്ബറേലിയിൽ എത്തിയിരുന്നു. പിന്നീട് ഹാഥ്റസ് ദുരന്തത്തിന്റെ ഇരകളെ സന്ദർശിക്കാനും രാഹുൽ ഉത്തർപ്രദേശിലെത്തി. ഈ ആഴ്ച ആദ്യം രാഹുൽ ഗാന്ധി റായ്ബറേലി സന്ദർശിച്ച് വിവിധ സാമൂഹിക ഗ്രൂപ്പുകളുമായി യോഗം വിളിച്ചിരുന്നു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിനായുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ഈ യോഗത്തിൻ്റെ ലക്ഷ്യമെന്ന് വൃത്തങ്ങൾ അറിയിച്ചു.
2019 ലെ അമേഠിയിലെ തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ ഇടമായ ഉത്തര്‍പ്രദേശില്‍ അഞ്ച് വര്‍ഷത്തിനിടെ രാഹുല്‍ എത്തിയത് വെറും മൂന്ന് തവണ മാത്രമായിരുന്നു. ആ ഇടത്തേക്കാണ് ഒരു മാസത്തില്‍ മൂന്ന് തവണ രാഹുലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ യുപിയുടെ പങ്ക് അനിഷേധ്യമായതിനാല്‍ തന്നെയാവാം രാഹുലിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍. 2024ലെ ലോക്സഭാ ഫലം കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ഇടം വീണ്ടെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് പ്രസക്തമായി തുടരണമെങ്കില്‍ രാഹുലിന്റെ ഈ ഇടപെടല്‍ നിര്‍ണായകമാണ്.